കേരള ബിജെപിയില്‍ അഴിച്ചുപണി, കെ സുഭാഷ് പുതിയ ബിജെപി സംഘടനാ സെക്രട്ടറി; ആർഎസ്എസ് ഇടപെടലിൽ എം ഗണേശ് പുറത്ത്
സംസ്ഥാന ബിജെപിയുടെ സംഘടനാതലത്തിൽ അഴിച്ചുപണി. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും എം ഗണേശനെ നീക്കി. പുതിയ സംഘടനാ സെക്രട്ടറിയായി കെ സുഭാഷിനെ തിരഞ്ഞെടുത്തു. പാലോട് ചേർന്ന ആർഎസ്എസിന്റെ ത്രിദിന പ്രാന്തകാര്യ പ്രചാരക് ബൈഠകിലാണ് തീരുമാനം.
ആർഎസ്എസ് പ്രചാരക് നിലവിൽ സഹ സംഘടന സെക്രട്ടറിയായിരുന്ന കെ സുഭാഷ് കണ്ണൂർ സ്വദേശിയാണ്. എം ഗണേശനെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം ഉണ്ടായിരിക്കുന്നത്. സംഘടന നിലപാടിൽ നിന്ന് എം ഗണേശൻ വ്യതിചലിച്ചുവെന്ന് ആർഎസ്എസ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കെ സുഭാഷ് നേതൃത്വത്തിലെത്തിയത്. നേരത്തെ, സാമ്പത്തിക തിരിമറി ഉൾപ്പെടെയുളള വിവാദങ്ങളിൽ എം ഗണേശന്റെ പേര് ഉയർന്ന് കേട്ടിരുന്നു.
ബിജെപിയുടെ സംഘടന സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത് ആർഎസ്എസിന്റെ പ്രചാരക് ചുമതല വഹിക്കുന്നവരായിരിക്കും. കെ ആർ ഉമാകാന്തനു ശേഷമാണ് എം ഗണേശൻ സംഘടന സെക്രട്ടറിയായത്. നാല് വർഷമായി ഗണേഷൻ ഈ പദവിയിൽ തുടന്നിരുന്നു. കാസർഗോഡ് സ്വദേശിയാണ് എം ഗണേശൻ. അതേസമയം പുതിയ ചുമതല ബിജെപി ദേശീയ നേതൃത്വം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.