യുഡിഎഫ് യോഗത്തില്‍ കെ സുധാകരനും ചെന്നിത്തലയും പങ്കെടുക്കില്ല; വ്യക്തിപരമായ ആവശ്യങ്ങളുണ്ടെന്ന് വിശദീകരണം
കൊച്ചിയിൽ ഇന്ന് ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രമേശ് ചെന്നിത്തലയും പങ്കെടുക്കില്ല. യോഗത്തിനെത്തില്ലെന്ന് കെ സുധാകരന്‍ പ്രതിപക്ഷ നേതാവിനേയും യുഡിഎഫ് കണ്‍വീനറേയും അറിയിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങളുള്ളതിനാലാണ് പങ്കെടുക്കാത്തതെന്നാണ് കെ സുധാകരന്‍ അറിയിച്ചിരിക്കുന്നത്
ഡൽഹിൽ മുൻകൂട്ടി തീരുമാനിച്ച പരിപാടികളിൽ പങ്കെടുക്കാനുള്ളതിനാൽ യോഗത്തിന് എത്താൻ കഴിയില്ലെന്നാണ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്. എന്നാൽ യുഡിഎഫിൽ കൂടിയാലോചനകൾ ഇല്ലാതെ തീരുമാനമെടുക്കുന്നതിലെ അതൃപ്തി മൂലമാണ് അദ്ദേഹം യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് സൂചന.
കെ സുധാകരന്റെ പല നിലപാടുകളിലും മുസ്ലീം ലീഗിലടക്കം കടുത്ത അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗത്തിൽ നിന്ന് കെ സുധാകരന്‍ വിട്ടുനിൽക്കുന്നതെന്നാണ് സൂചന. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം ഗൗരവതരമെന്ന കെ സുധാകരന്റെ പ്രസ്താവന മുസ്ലീം ലീഗിനെ ചൊടിപ്പിച്ചിരുന്നു. മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന സുധാകരന്റെ വിശദീകരണത്തോടെ വിവാദം അവസാനിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയെങ്കിലും ഇക്കാര്യം യുഡിഎഫിലും ചര്‍ച്ചയാകും.
വി ഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയതോടെ രമേശ് ചെന്നിത്തലയ്ക്ക് മുന്നണി സംവിധാനത്തിനുള്ളിൽ വലിയതോതിൽ സ്വാധീനം കുറഞ്ഞിരുന്നു. യുഡിഎഫിന്റെ പല നിർണായക തീരുമാനങ്ങളിലും മുതിർന്ന നേതാവ് എന്ന നിലയിൽ ചെന്നിത്തലയോട് കൂടിയാലോചന നടത്തിയിരുന്നില്ല. ഇതെല്ലാം അമർഷത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഇക്കാര്യങ്ങളിൽ പരസ്യ പ്രതികരണത്തിലേക്ക് ചെന്നിത്തല പക്ഷത്തെ നേതാക്കള്‍ കടക്കുന്നില്ല.