കെപിസിസി പ്രസിഡന്‌റ് കെ സുധാകരന്‍
കെപിസിസി പ്രസിഡന്‌റ് കെ സുധാകരന്‍

'അപകീർത്തിപ്പെടുത്താന്‍ നീക്കം'; കത്ത് വിവാദത്തില്‍ ഡിജിപിക്ക് സുധാകരന്റെ പരാതി

വ്യാജക്കത്തിന്റെ അടിസ്ഥാനത്തിൽ ചില മാധ്യമങ്ങൾ തനിക്കെതിരെ വാർത്ത നൽകിയെന്നും അതിന്റെ നിജസ്ഥിതിയും ഉറവിടവും കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തണമെന്നും സുധാകരൻ
Updated on
1 min read

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ചെന്ന പേരിൽ പ്രചരിച്ച വ്യാജക്കത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ ഡിജിപിക്ക് പരാതി നൽകി. കത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനാവശ്യമായ എല്ലാ പിന്തുണയും സഹകരണവും കെപിസിസിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും സുധാകരൻ കത്തിൽ ചൂണ്ടിക്കാട്ടി.

വ്യാജക്കത്തിന്റെ അടിസ്ഥാനത്തിൽ ചില മാധ്യമങ്ങൾ തനിക്കെതിരെ വാർത്ത നൽകിയെന്നും അതിന്റെ നിജസ്ഥിതിയും ഉറവിടവും കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കത്ത് തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി നിഷേധക്കുറിപ്പ് ഇറക്കിയിട്ടും ചില മാധ്യമങ്ങൾ വാർത്ത പിൻവലിക്കാൻ തയ്യാറായില്ലെന്നും ആ ദിവസം മുഴുവൻ സംപ്രേഷണം ചെയ്തുവെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. ഇത്തരം നീക്കങ്ങളുടെ അടിസ്ഥാനം തന്നെ അപകീർത്തിപ്പെടുത്തുകയെന്നതാണ്. വ്യാജരേഖ ചമച്ച് അപകീർത്തിപ്പെടുത്താൻ കൂട്ടുനില്‍ക്കുന്നവർ അടക്കം സംഭവത്തിൽ പങ്കാളികളായവർ ഐപിസി 465,469,471 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ടിയാൽ ചെയ്തിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

ആർഎസ്എസിനെ പരാമർശിച്ചുള്ള പ്രസംഗം വിവാദമായതിനു പിന്നാലെയാണ്, രാഹുൽ ഗാന്ധിയെ രാജിസന്നദ്ധത അറിയിച്ച് സുധാകരൻ കത്ത് നൽകിയെന്ന പ്രചാരണം ഡൽഹി കേന്ദ്രീകരിച്ചുണ്ടായത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജിക്കത്ത്. കെപിസിസി അധ്യക്ഷ പദവിയിലിരുന്ന് ചികിത്സയുമായി മുന്നോട്ടുപോകണം. എന്നാല്‍, ഈ രണ്ട് കാര്യങ്ങളും ഒരുപോലെ കൊണ്ടുപോകാന്‍ പറ്റുന്നില്ലെന്നായിരുന്നു കത്ത്.

കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ചുപോകുന്നില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയും സഹകരണവും തനിക്ക് വേണ്ടത്ര കിട്ടുന്നില്ല. ഇപ്പോഴത്തെ നിസ്സഹകരണം കാരണം കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.താന്‍ സ്ഥാനമൊഴിഞ്ഞാല്‍ പകരം ചെറുപ്പക്കാര്‍ക്ക് പദവി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാർത്തകള്‍ക്ക് പിന്നാലെ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും, അങ്ങനെ ഒരു കത്ത് താൻ എഴുതിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, തുടർച്ചയായുണ്ടാകുന്ന നാക്കുപിഴയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിരുന്നു. ജവഹർലാൽ നെഹ്റുവിനെ അധിക്ഷേപിക്കാനോ ആർഎസ്എസിനെ അനുകൂലിക്കാനോ ഉദ്ദേശിച്ചല്ല സുധാകരൻ പ്രസ്താവന നടത്തിയത് എന്നതിനാൽ വിഷയത്തിൽ വിവാദം അവസാനിപ്പിക്കണമെന്നും കേരള നേതൃത്വത്തിന് ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു. കെപിസിസി പ്രസിഡന്റായി രണ്ടാമൂഴത്തിനുള്ള അംഗീകാരം ഹൈക്കമാൻഡിൽ നിന്ന് വരാനിരിക്കെയാണ് കത്ത് വിവാദമുണ്ടായത്.

logo
The Fourth
www.thefourthnews.in