'ആര്‍ക്ക് വോട്ട് ചെയ്താലും മനസാക്ഷി വോട്ട്' - വീണ്ടും നിലപാട് മാറ്റി കെ സുധാകരന്‍
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വീണ്ടും നിലപാട് മാറ്റി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആർക്ക് വോട്ട് ചെയ്താലും അത് മനസാക്ഷിയുടെ വോട്ടാണെന്ന് സുധാകരന്‍ പറഞ്ഞു. കേരളത്തിന്റെ പിന്തുണ മല്ലികാർജുന്‍ ഖാർഗെയ്ക്കാണെന്ന് പറയാൻ താനാരാണെന്നും കെ സുധാകരന്‍ ചോദിച്ചു.
'ശശി തരൂരുമായി അടുത്ത സൗഹൃദമാണുള്ളത്. ജനാധിപത്യ തിരഞ്ഞെടുപ്പിൽ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും.അത് സ്വാഭാവികമാണ്. ഗാന്ധിജിയുടെ സ്ഥാനാർഥിയും നെഹ്റുവിന്റെ സ്ഥാനാർഥിയും പരസ്പരം മത്സരിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ചരിത്രം അതാണ്' - സുധാകരന്‍ പറഞ്ഞു. രാവിലെ തരൂരുമായി സംസാരിച്ചിരുന്നെന്നും സൗഹൃദത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.
ശശി തരൂര്‍ മത്സരിച്ചാല്‍ മനഃസാക്ഷി വോട്ട് ചെയ്യുമെന്ന് ആദ്യ ഘട്ടത്തില്‍ നിലപാട് വ്യക്തമാക്കിയ സുധാകരന്‍ കഴിഞ്ഞ ദിവസം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട പദവികള്‍ വഹിക്കുന്നവര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തരുതെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കെയായിരുന്നു സുധാകരന്റെ പ്രതികരണം. പിന്നാലെ, കെപിസിസി നിലപാടില്‍ തരൂര്‍ അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ മുരളീധരൻ തുടങ്ങിയ നേതാക്കളെല്ലാം മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.