കത്തയച്ചിട്ടില്ല, പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെ സുധാകരൻ
കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ സന്നദ്ധതയറിയിച്ച് രാഹുൽ ഗാന്ധിക്ക് കത്ത് അയച്ചുവെന്നത് അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്റെ പേരിൽ ഇപ്പോൾ പുറത്ത് വരുന്ന കത്തിലെ കാര്യങ്ങൾ മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണെന്നും സുധാകരൻ വാർത്താകുറിപ്പിലൂടെ പറഞ്ഞു. ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ സംഘടനാകാര്യങ്ങളെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് അബദ്ധജടിലമായ ഇത്തരം വാർത്തകൾ പടച്ചുണ്ടാക്കുന്നതെന്നാണ് സുധാകരന്റെ ആക്ഷേപം.
അവാസ്തവമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ പുറത്ത് വരുന്നത്. ഒരു മണിക്കൂറിലേറെ സംസാരിച്ചതിൽ മതേതരത്വത്തിന്റെ പ്രാധാന്യവും ജനാധിപത്യമൂല്യങ്ങളുടെ പ്രസക്തിയും ന്യൂനപക്ഷ സംരക്ഷണത്തിന്റെ വർത്തമാനകാല ആവശ്യകതയുമാണ് ഉന്നയിച്ചിരുന്നത്. എന്നാൽ പ്രസംഗത്തെ വളച്ചൊടിക്കുകയും കേവലം സെക്കന്റുകൾ മാത്രം വരുന്ന ചില വാക്യങ്ങൾ അടർത്തിയെടുത്ത് വിവാദം സൃഷ്ടിക്കുകയുമാണ് ചെയ്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ സംഘടനാകാര്യങ്ങളെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് അബദ്ധജടിലമായ ഇത്തരം വാർത്തകൾ പടച്ചുണ്ടാക്കുന്നതെന്നാണ് സുധാകരന്റെ ആക്ഷേപം.
കത്ത് എഴുതേണ്ടതുണ്ടെങ്കിൽ അത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെക്കാണെന്ന സംഘടനാബോധം തനിക്കുണ്ട്
കത്ത് എഴുതേണ്ടതുണ്ടെങ്കിൽ അത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെക്കാണെന്ന സംഘടനാബോധം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ അതിന് കടക വിരുദ്ധമായി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇതില്‍ നിന്ന് തന്നെ സാമാന്യം ബോധമുള്ള എല്ലാവര്‍ക്കും ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യം ബോധ്യമാകും. എന്നാൽ കോൺഗ്രസിന്റെ തകർച്ച ആഗ്രഹിക്കുന്നവരാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.