കെ സുരേന്ദ്രനെ മാറ്റില്ല; വ്യാജ പ്രചാരണമെന്ന് പ്രകാശ് ജാവ്ദേക്കർ

കെ സുരേന്ദ്രനെ മാറ്റില്ല; വ്യാജ പ്രചാരണമെന്ന് പ്രകാശ് ജാവ്ദേക്കർ

ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുക സുരേന്ദ്രന്റെ നേതൃത്വത്തിലെന്നും പ്രകാശ് ജാവ്ദേക്കർ
Updated on
1 min read

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി കേന്ദ്ര നേതൃത്വം. സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരുമെന്ന് ബിജെപിയുടെ കേരളത്തിന്റെ ചുമതല വഹിക്കുന്ന പ്രകാശ് ജാവദേക്കർ പറഞ്ഞു. സുരേന്ദ്രന്‍ ശക്തനായ നേതാവാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുക സുരേന്ദ്രന്റെ നേതൃത്വത്തില്‍ തന്നെയായിരിക്കും. കേരളത്തിലെ ബിജെപി നേതൃത്വത്തെ മാറ്റുമെന്നത് സിപിഎമ്മും യുഡിഎഫും നടത്തുന്ന വ്യാജ പ്രചരണമാണെന്നും പ്രകാശ് ജാവ്ദേക്കർ‍ ആലപ്പുഴയില്‍ പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്റെ കാലാവധി ഡിസംബര്‍ 31 വരെയായിരുന്നു

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന്റെ കാലാവധി ഡിസംബര്‍ 31 വരെയായിരുന്നു. സമയ പരിധി പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ മാറ്റുമെന്ന പ്രചാരണം ശക്തമായത്. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുള്ളത് കടുത്ത എതിര്‍പ്പാണ്. കേരളത്തിലെ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ദേശീയ നേതൃത്വത്തിന് പൂര്‍ണ തൃപ്തിയില്ല. പാര്‍ട്ടിയില്‍ തുടരുന്ന വിഭാഗീയത, നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വി എന്നിവയെല്ലാമാണ് കേന്ദ്രനേതൃത്വം എടുത്ത് കാണിക്കുന്നതും. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പോലും ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് കഴിയുന്നില്ല. വിഭാഗീയതയാണ് ഇതിന് കാരണമെന്നും ദേശീയ നേതൃത്വം കണക്കുക്കൂട്ടുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലും ദേശീയ നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രൻ തുടരട്ടെ എന്ന തീരുമാനത്തിലേക്ക് നീങ്ങുന്നത്. പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകണമെന്നാണ് സംസ്ഥാന നേതാക്കളോട് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്.

കേരളത്തില്‍ വിഭാഗീയത രൂക്ഷമായ പശ്ചാത്തലത്തില്‍ നിരവധി തവണ ദേശീയ നേതൃത്വം ഇടപെട്ടിരുന്നു

കേരളത്തില്‍ വിഭാഗീയത രൂക്ഷമായ പശ്ചാത്തലത്തില്‍ നിരവധി തവണ ദേശീയ നേതൃത്വം ഇടപെട്ടിരുന്നു. എന്നാല്‍ അതിലെ ചർച്ചകള്‍ പൂർണമായും അവസാനിപ്പിക്കാനായിട്ടില്ല. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്‍റായി തുടരുന്നതില്‍ ഒരു വിഭാഗം നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. സംസ്ഥാന അധൃക്ഷ സ്ഥാനത്ത് സുരേന്ദ്രൻ തുടരുമെന്ന് ജാവ്ദേക്കർ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി എതിർ പക്ഷത്തിന്‍റെ നീക്കങ്ങളാണ് ഇനി നിർണായകമാകുക.

logo
The Fourth
www.thefourthnews.in