സ്വിഫ്റ്റില്‍ ഓണം അഡ്വാന്‍സ്; ശമ്പളം പോലുമില്ലാതെ കെഎസ്ആര്‍ടിസി

സ്വിഫ്റ്റില്‍ ഓണം അഡ്വാന്‍സ്; ശമ്പളം പോലുമില്ലാതെ കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയിലെ ശമ്പളപ്രതിസന്ധി ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴിലാളി യൂണിയനുകളും മന്ത്രിമാരും തുടര്‍ച്ചയായി രണ്ടാം ദിവസവും ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്തിയില്ല
Updated on
2 min read

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം പോലും നല്‍കാതെ കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണത്തിന് അഡ്വാന്‍സ് പ്രഖ്യാപിച്ച് മാനേജ്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാര്‍ക്ക് 3000 രൂപ സെപ്തംബര്‍ ആദ്യ ആഴ്ച മുതല്‍ ഓണം അഡ്വാന്‍സായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഈ തുക ഒക്ടോബര്‍ മുതല്‍ അഞ്ച്‌ തുല്യ ഗഡുക്കളായി ശമ്പളത്തില്‍ നിന്ന് തിരിച്ചു പിടിക്കും.

2022 ജൂലൈ 31നോ അതിന് മുമ്പോ ജോയിന്‍ ചെയ്ത കെ-സ്വിഫ്റ്റ് ജീവനക്കാര്‍ അഡ്വാന്‍സ് തുകയ്ക്ക് അര്‍ഹരാണ്. എല്ലാ മാസവും കൃത്യമായി ജോലിയില്‍ ഹാജരായവര്‍ക്ക് മാത്രമേ അഡ്വാന്‍സ് തുക ലഭിക്കൂ. അഡ്വാന്‍സായി നല്‍കുന്ന തുക തുല്യ ഗഡുക്കളാക്കി തിരിച്ചു പിടിക്കാന്‍ അനുമതി നല്‍കുന്ന സത്യവാങ്മൂലം ഒപ്പിട്ട് ഈ മാസം 31ന് മുന്‍പ് swift.onamadvance@gmail.com എന്ന വിലാസത്തില്‍ അയക്കണമെന്നാണ് നിര്‍ദേശം.

ശമ്പളം നല്‍കാനായി 103കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ധനവകുപ്പ് നടപടിയെടുത്തില്ല

അതെ സമയം കെഎസ്ആര്‍ടിസി ജീവനക്കാരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ജൂലൈ മാസത്തെ ശമ്പളം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ജൂലൈ മാസവും ശമ്പളം വൈകിയതോടെ ഓഗസ്റ്റ് 10നകം നല്‍കണമെന്ന് ഹൈക്കോടതി വീണ്ടും നിര്‍ദേശിച്ചെങ്കിലും വീണ്ടും പത്ത് ദിവസത്തെ സാവകാശം കൂടി കെഎസ്ആര്‍ടിസി ആവശ്യപ്പെടുകയായിരുന്നു. ശമ്പളം നല്‍കാനായി 103 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ധനവകുപ്പ് നടപടികളെടുത്തില്ല. ശമ്പളവിതരണം വൈകുന്നതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഓണത്തിന് തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും, ശമ്പളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂവെന്നും ഹൈക്കോടതി പറഞ്ഞു

ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജി ഈ മാസം 24ന് വീണ്ടും പരിഗണിക്കും. സിംഗിള്‍ ഡ്യൂട്ടി സംബന്ധിച്ച വിഷയത്തിലും ഹൈക്കോടതി നിലപാട് അറിയിച്ചിരുന്നു. ഡ്യൂട്ടി പരിഷ്‌കരണത്തില്‍ കോടതി തീരുമാനമെടുക്കുമെന്നും കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം

ശമ്പളപ്രതിസന്ധി ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴിലാളി യൂണിയനുകളും തൊഴില്‍, ഗതാഗത മന്ത്രിമാരും തുടര്‍ച്ചയായി രണ്ടാം ദിവസവും ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്തിയില്ല. നേരത്തെ ഡീസല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിരവധി ഓര്‍ഡിനറി സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ 20 കോടി അനുവദിക്കുകയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നല്‍കാനുണ്ടായിരുന്ന 15 കോടി രൂപയുടെ ഡീസല്‍ കുടിശ്ശിക അടച്ചു തീര്‍ക്കുകയും ചെയ്തിരുന്നു.

60 വര്‍ഷം മുന്‍പത്തെ നിയമം വെച്ചാണ് സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് യൂണിയനുകള്‍ അഭിപ്രായപ്പെടുന്നത്.

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയെ ചൊല്ലിയാണ് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നത്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയിലൂടെ പ്രതിമാസം 14 കോടി രൂപയൂടെ അധിക വരുമാനം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ യൂണിയനുകള്‍ ഇതിനോട് നേരത്തെ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 60 വര്‍ഷം മുന്‍പത്തെ നിയമം വെച്ചാണ് സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നാണ് യൂണിയനുകള്‍ അഭിപ്രായപ്പെടുന്നത്.

8 മണിക്കൂര്‍ കഴിഞ്ഞ് ബാക്കിയുള്ള പ്രവര്‍ത്തന സമയം ഓവര്‍ടൈമായി കണക്കാക്കി വേതനം നല്‍കണമെന്ന നിര്‍ദേശത്തിലും തീരുമാനമായില്ല. നിലവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് നല്‍കുന്നതിനെക്കുറിച്ചോ അടുത്ത മാസത്തെ ശമ്പളത്തെക്കുറിച്ചോ ഒരു ധാരണയും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായിട്ടില്ല. തിങ്കളാഴ്ച ചേരാനിരിക്കുന്ന യോഗത്തില്‍ എന്തെങ്കിലും തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

logo
The Fourth
www.thefourthnews.in