വ്യാജരേഖ കേസ്: കെ വിദ്യയ്ക്ക് ജാമ്യം; കരിന്തളം കേസില്‍ അറസ്റ്റിന് അനുമതി
എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയ്ക്ക് ജാമ്യം. അഗളി പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം. രണ്ട് ആള്‍ ജാമ്യവും നല്‍കണം, സംസ്ഥാനം വിട്ടു പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം. പാസ്പോർട് കോടതിയിൽ ഹാജരാക്കണം.
അതേസമയം, നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ വിദ്യയെ അറസ്റ്റ് ചെയ്യാനും കോടതി അനുമതി നൽകി. എന്നാല്‍, നീലേശ്വരം പോലീസ് ഇന്ന് വിദ്യയെ അറസ്റ്റ് ചെയ്യില്ല. മൂന്ന് ദിവസം കഴിഞ്ഞ് ഹാജരാകാൻ നോട്ടീസ് നല്‍കി. വിദ്യയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തീരുമാനം.
വ്യാജരേഖയുണ്ടാക്കിയതായി വിദ്യ സമ്മതിച്ചെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കേസ് വന്നപ്പോൾ രേഖ നശിപ്പിച്ചുവെന്നും വിദ്യ മൊഴി നല്‍കി. ഈ മൊഴിയുടെ വസ്തുത കണ്ടെത്തണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു. ഓൺലൈനായി വ്യാജരേഖ ഉണ്ടാക്കിയതിനാൽ സീൽ കണ്ടെത്താനായില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസില്‍ 15 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന വിദ്യയെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മേപ്പയൂരിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പോലീസ് പിടികൂടിയത്.
വ്യാജരേഖ ചമച്ചതിന് രണ്ട് കേസുകളാണ് വിദ്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആർട്സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജില്‍ നിന്നുള്ള വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്.