ശരീരത്തിൽ 'പിഎഫ്ഐ' ചാപ്പ കുത്തിയെന്ന സൈനികന്റെ പരാതി വ്യാജം; പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹം
കൊല്ലം കടയ്ക്കലിൽ സൈനികനെ മർദിക്കുകയും ശരീരത്തിൽ പിഎഫ്ഐ എന്ന് ചാപ്പകുത്തുകയും ചെയ്തതായി നൽകിയ പരാതി വ്യാജമെന്ന് പോലീസ്. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രശസ്തനാകണമെന്ന സൈനികന്റെ ആഗ്രഹമാണ് പരാതിക്കു പിന്നിലെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്.
സൈനികന്റെ ശരീരത്തിൽ പിഎഫ്ഐ എന്നെഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പോലീസ് പരിശോധനയിൽ കണ്ടെത്തി. ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിച്ചതെന്നും ജോഷി പോലീസിനോട് പറഞ്ഞു.
ധരിച്ചിരുന്ന ബനിയൻ ബ്ലേഡ് ഉപതിയോഗിച്ച് കീറാനും മർദിക്കാനും ഷൈൻ നിർദേശിച്ചിരുന്നതായും താൻ അത് ചെയ്യാൻ കൂട്ടാക്കിയില്ലെന്നും ജോഷി പോലീസിന് മൊഴിനൽകി.
സംഭവത്തിൽ പരാതി ലഭിച്ചതുമുതല്‍ പൊലീസിനു ചില സംശയങ്ങളുണ്ടായിരുന്നു. ആക്രമിച്ചുവെന്ന് പറയുന്ന വിജനമായ സ്ഥലത്ത് അതിന്റെ യാതൊരു ലക്ഷണവുമുണ്ടായിരുന്നില്ല. തുടര്‍ന്ന് കരുതലോടെയായിരുന്നു പൊലീസിന്റെ നീക്കം.
സൈനികന്റെ പരാതിപ്രകാരം കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പ്രാഥമികമായി കേസെടുത്തെങ്കിലും ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് ഷൈന്‍ നല്‍കിയത്. ഇന്നലെ രാത്രി 11 വരെ ചോദ്യം ചെയ്തശേഷം ഇന്നു രാവിലെയും ചോദ്യം ചെയ്തു.
സുഹൃത്തായ ജോഷിക്ക് പണം നല്‍കി മടങ്ങുമ്പോഴാണ് ആക്രമണമെന്ന് ആദ്യഘട്ടത്തില്‍ ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ജോഷിയെയും ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.