കളമശേരി സ്‌ഫോടനക്കേസ്: ഡൊമിനിക് മാര്‍ട്ടിന്‍ ഏകപ്രതി, യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പെന്ന് കുറ്റപത്രം
കളമശേരി സ്‌ഫോടന കേസില്‍ ഏകപ്രതി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിനെന്ന് വ്യക്തമാക്കി കുറ്റപത്രം സമര്‍പ്പിച്ചു. മാര്‍ട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പെന്ന് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.
ഒക്ടോബര്‍ 29നാണ് യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അന്നുതന്നെ പോലീസില്‍ കീഴടങ്ങിയിരുന്നു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഡൊമിനിക് സ്ഫോടനം നടത്തിയത്. എട്ടു പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
ബോംബ് നിർമ്മാണത്തിന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പ്രതി മാർട്ടിൻ വ്യക്തമാക്കിയിരുന്നു. തമ്മനത്തെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചത്. ബോംബ് ഉണ്ടാക്കുന്ന വിധം ഇൻ്റർനെറ്റിൽ നോക്കി പഠിച്ചത്.രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങി. കൺവെൻഷൻ സെൻ്ററിൽ നാലിടത്തായാണ് ബോംബുകൾ സ്ഥാപിച്ചത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും ചോദ്യം ചെയ്യലിൽ മാർട്ടിൻ വ്യക്തമാക്കിയിരുന്നു.
പെട്രോളും പടക്കത്തിലെ വെടിമരുന്നും ബോംബ് നിർമാണത്തിനായി ഉപയോഗിച്ചു. പ്രാർത്ഥന സദസിൽ ഡൊമിനിക്കിന്റെ ഭാര്യ മാതാവ് ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നെങ്കിലും കൃത്യത്തിൽ നിന്ന് മാറിയില്ല.
സ്ഫോടനമുണ്ടായതിന് പിന്നാലെ തൃശൂർ കൊടകര സ്റ്റേഷനിലെത്തിയാണ് മാർട്ടിൻ കീഴടങ്ങിയത്. സ്‌ഫോടനത്തിന് പിന്നിൽ താനാണെന്ന് ഫെയ്സ്ബുക്കില്‍ വീഡിയോ പങ്കുവച്ചതിനുശേഷമാണ് മാർട്ടിന്‍ സ്റ്റേഷനിലെത്തിയത്. യഹോവ സാക്ഷികള്‍ തെറ്റായ പ്രസ്ഥാനമാണെന്നും രാജ്യദ്രോഹപരമായ കാര്യങ്ങൾ ചെയ്യുന്നു എന്ന ചിന്തയുമാണ് ആക്രമണത്തിലേക്ക് നയിച്ചത്. താൻ പല തവണ തിരുത്താൻ ശ്രമിച്ചെങ്കിലും വിശ്വാസികൾ മാറാൻ തയ്യാറായില്ലെന്ന് ഡൊമിനിക് വിഡിയോയിൽ ആരോപിച്ചിരുന്നു. അതോടെയാണ് ബോംബ് വെക്കാൻ തീരുമാനിച്ചത് എന്നും പറഞ്ഞിരുന്നു.