കളമശേരി ബോംബ് സ്‌ഫോടനം: കണ്‍വെന്‍ഷന്‍ സെന്റര്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയില്‍
കളമശേരിയില്‍ ബോംബ് സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്റര്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയില്‍. സാമ്ര എന്‍ഡവേഴ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എം.എ റിയാസ് നല്‍കിയ ഹര്‍ജി ഡിസംമ്പര്‍ ആറിന് പരിഗണിക്കാന്‍ മാറ്റി.
ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയായോയെന്നും കണ്‍വെന്‍ഷന്‍ സെന്റര്‍ ഇനിയും പോലീസ് കസ്റ്റഡിയില്‍ വേണോ എന്നത് അറിയിക്കാനും സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവാഹാവശ്യങ്ങള്‍ക്കും മറ്റുമായി ഹാള്‍ ബുക്ക് ചെയ്തു കാത്തിരിക്കുന്നവരുണ്ട്. കണ്‍വെന്‍ഷന്‍ സെന്റര്‍ വിട്ടുകിട്ടാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഹര്‍ജിക്കാര്‍ പറയുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രതിയെ കണ്‍വെന്‍ഷന്‍ സെന്ററിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞിട്ടും പോലീസ് കണ്‍വെന്‍ഷന്‍ സെന്റര്‍ വിട്ടുനല്‍കുന്നില്ലെന്നാണ് പരാതി.
ഒക്ടോബര്‍ 29നാണ് യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സാമ്ര കണ്‍വെന്‍ഷന്‍ സെന്‌ററില്‍ സ്ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അന്നുതന്നെ പോലീസില്‍ കീഴടങ്ങിയിരുന്നു.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഡൊമിനിക് സ്‌ഫോടനം നടത്തിയത്. ആറു പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.