കളമശേരി സ്‌ഫോടനം: പൊട്ടിത്തെറിച്ചത് ടൈം ബോംബ്, ടൈമറും അമോണിയം നൈട്രേറ്റിന്റെ അവശിഷ്ടവും കണ്ടെത്തി

കളമശേരി സ്‌ഫോടനം: പൊട്ടിത്തെറിച്ചത് ടൈം ബോംബ്, ടൈമറും അമോണിയം നൈട്രേറ്റിന്റെ അവശിഷ്ടവും കണ്ടെത്തി

സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ എന്‍എസ്ജി ബാലിസ്റ്റിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ടൈമര്‍, ബാറ്ററി അവശിഷ്ടം, അമോണിയം നൈട്രേറ്റിന്റെ സാന്നിദ്ധ്യം എന്നിവ കണ്ടെത്തി
Updated on
1 min read

കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഉപയോഗിച്ചത് ടൈമര്‍ ബോംബെന്ന് പോലീസ് സ്ഥിരീകരണം. സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ എന്‍എസ്ജി ബാലിസ്റ്റിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ടൈമര്‍, ബാറ്ററി അവശിഷ്ടം, അമോണിയം നൈട്രേറ്റിന്റെ സാന്നിദ്ധ്യം എന്നിവ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

വിദൂരനിയന്ത്രണ സംവിധാനം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ഇതോടെ വ്യക്തമായി. അമോണിയം നൈട്രേറ്റിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ആസൂത്രിത സ്‌ഫോടനമാണ് നടന്നതെന്നും വ്യക്തമായി. നേരത്തെ ഐഇഡി ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് കളമശേരിയില്‍ നടന്നതെന്ന് ഡിജിപി ഡിജിപി ഡോ. ഷെയ്ധ് ദര്‍വേഷ് സാഹേബ് പറഞ്ഞിരുന്നു. ചോറ്റുപാത്രത്തിലാകാം സ്‌ഫോടക വസ്തു ഘടിപ്പിച്ചതെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് സാധൂകരിക്കുന്ന കണ്ടെത്തലുകളാണ് ബാലസ്റ്റിക് വിഭാഗത്തിന്റെ പരിശോധനയില്‍ തെളിഞ്ഞത്.

ഇതിനിടെ ബോംബ് നിര്‍മിച്ചതും സ്ഥാപിച്ചതും താനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ തൃശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ ചോദ്യം ചെയ്യാനായി വിദഗ്ധ സംഘം ഉടന്‍ കൊടകരയിലേക്ക് തിരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

നടന്നത് ബോംബ് സ്ഫോടനമാണെന്ന് വ്യക്തമായതോടെ കളമശേരിയില്‍ ഇതിനു മുമ്പ് നടന്ന ഇത്തരം സംഭവങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്കും അന്വേഷണം നീളുമെന്നും ഡിജിപി സൂചിപ്പിച്ചു. ഇതിനു മുമ്പ് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കളക്ട്രേറ്റില്‍ സമാന രീതിയില്‍ സ്ഫോടനം നടന്നിരുന്നു. ഈ സാഹചര്യത്തില്‍ എറണാകുളത്തും മറ്റു ജില്ലകളിലുമുള്ള റെയില്‍വേ സ്റ്റേഷന്‍ ബസ് സ്റ്റാന്‍ഡ് അടക്കമുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ പോലീസ് പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളമശേരി മെഡിക്കല്‍ കോളജിനു സമീപമുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഇന്നു രാവിലെയാണ് സ്ഫോടനം നടന്നത്. ഒന്നിനു പിന്നാലെ ഒന്നായി നടന്ന നാലു പൊട്ടിത്തെറികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും അമ്പതിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. മരിച്ച ആളുടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. 27നായിരുന്നു സമ്മേളനം ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in