ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കളമശേരി ബസ് കത്തിക്കല്‍ കേസ്: തടിയന്റവിട നസീറടക്കം മൂന്ന് പേർ കുറ്റക്കാർ

ശിക്ഷാവിധി എന്‍ഐഎ കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും
Updated on
1 min read

പിഡിപി നേതാവ് അബ്ദുല്‍ നാസർ മഅദനിയുടെ ജയില്‍ മോചനം ആവശ്യപ്പെട്ട് തമിഴ്നാട് ബസ് തട്ടിയെടുത്ത് കത്തിച്ച കേസില്‍ മൂന്ന് പേർ കുറ്റക്കാർ. തടിയന്റവിട നസീർ, സാബിർ ബുഖാരി, താജുദ്ദീന്‍ അഡിഗ എന്നിവർ കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തി. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും

വിചാരണ പൂർത്തിയാക്കാതെയാണ് മൂന്ന് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിക്കുന്നത്. എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ പ്രതികള്‍ സമ്മതിച്ചതോടെയാണിത്. നിലവിലെ റിമാന്‍ഡ് കാലാവധി ശിക്ഷാകാലാവധിയായി കണക്കാക്കുമെന്നതിനാലാണ് പ്രതികളുടെ ഈ നീക്കം. കേസില്‍ മറ്റൊരു പ്രതി കെ എ അനൂപിനെ കഴിഞ്ഞ വർഷം കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു. അനൂപും കുറ്റം സമ്മതിച്ചതോടെ വിചാരണ ഒഴിവാക്കി ശിക്ഷ വിധിക്കുകയായിരുന്നു. തടിയന്റവിട നസീർ, സൂഫിയ മഅദനി, മജീദ് പറമ്പായി, അബ്ദുല്‍ ഹാലിം, മുഹമ്മദ് നവാസ്, ഇസ്മയില്‍, ഉമ്മർ ഫാറൂഖ് തുടങ്ങി 13 പ്രതികളാണ് കേസിലുള്ളത്. തടിയന്റവിട നസീർ കോഴിക്കോട് ഇരട്ട സ്ഫോടനം, കാശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ് എന്നിവയിലെ പ്രധാനപ്രതി കൂടിയാണ്.

2005 സെപ്തംബർ ഒൻപതിനാണ് എറണാകുളത്ത് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോർട്ട് കോർപറേഷന്റെ ബസ് പ്രതികള്‍ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയത്. കളമശേരി എച്ച്എംടി എസ്റ്റേറ്റിന് സമീപം ആളുകളെ ഇറക്കിയ ശേഷം ബസ് അഗ്നിക്കിരയാക്കി എന്നാണ് കേസ്. പോലീസ് രജിസ്റ്റർ ചെയ്ത കേസ് 2009ലാണ് എന്‍ഐഎയ്ക്ക് കൈമാറിയത്. തുടർന്ന് 2010 ലാണ് കുറ്റപത്രം നല്‍കിയത്. എന്നാല്‍, കേസില്‍ വിചാരണ തുടങ്ങിയത് 2019 ലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപ്പത്രം സമർപ്പിച്ചിട്ടുള്ളത്.

logo
The Fourth
www.thefourthnews.in