കളമശേരി മെഡിക്കല്‍ കോളേജ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: ഒന്നാം പ്രതി അനില്‍കുമാര്‍ കസ്റ്റഡിയില്‍
കളമശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ ഒന്നാം പ്രതി അനില്‍ കുമാര്‍ കസ്റ്റഡിയില്‍. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ കേസെടുത്തതിന് പിന്നാലെ അനില്‍കുമാര്‍ ഒളിവില്‍ പോയിരുന്നു. മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റാണ് അറസ്റ്റിലായ അനില്‍കുമാര്‍. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്ക് ദത്തെടുത്ത കുഞ്ഞിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയെന്നാണ് കേസ്.
സൂപ്രണ്ട് പറഞ്ഞ പ്രകാരമാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് എന്നാണ് അനില്‍ കുമാര്‍ പറഞ്ഞിരുന്നത്. സൂപ്രണ്ട് തന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് അനൂപ് എന്ന വ്യക്തിയെ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന് ഒരു സര്‍ട്ടിഫിക്കറ്റ് ശരിപ്പെടുത്തി കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അനില്‍ കുമാറിന്റെ വാദം. എന്നാൽ ഈ വാദം തള്ളികളയുകയാണ് സൂപ്രണ്ട്.
ക്രമക്കേട് നടന്നത് പുറംലോകം അറിഞ്ഞപ്പോള്‍ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാന്‍ ആണ് സൂപ്രണ്ട് ശ്രമിക്കുന്നതെന്നും അനില്‍ ആരോപിച്ചിരുന്നു. നേരത്തേ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയിട്ടുണ്ടെന്നും അനില്‍ കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ആശുപത്രി ക്യാന്റീന്‍ നടത്തിപ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട് സൂപ്രണ്ട് കൈക്കൂലി വാങ്ങിയെന്നും അനില്‍ പറഞ്ഞിരുന്നു.
കളമശേരി മുനിസിപ്പാലിറ്റിയിലെ കിയോസ്‌ക് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രഹ്ന എന്‍ നല്‍കിയ പരാതിയിലൂടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം പുറത്ത് വന്നത്. ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ നഗരസഭാ ജീവനക്കാരി രഹ്നയ്ക്കെതിരെയും കേസുണ്ട്. അവിവാഹിതയുടെ പ്രസവം സംബന്ധിച്ച രേഖകള്‍ പൂഴ്ത്തിയതും നിയമവിരുദ്ധമായ ദത്തും വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതും അടക്കം സങ്കീര്‍ണമായ നിരവധി തട്ടിപ്പുകള്‍ കളമശേരി സംഭവത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട് നിർണായകമായ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.