സി ദിവാകരന്റെ ആത്മകഥാ പരാമര്‍ശങ്ങള്‍ വിപണന തന്ത്രം, ആക്ഷേപങ്ങള്‍ തള്ളി കാനം
സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ സിപിഐ നേതാവ് സി ദിവാകരന്റെ ആത്മകഥ (കനല്‍ വഴികളിലൂടെ)യിലെ പരാമര്‍ശങ്ങള്‍ തള്ളി കാനം രാജേന്ദ്രന്‍. പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ വിപണന തന്ത്രം മാത്രമാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കാനം, സി ദിവാകരനെ തള്ളി രംഗത്തെത്തിയത്.
എഴുതിയ കാര്യങ്ങളുടെ ഉത്തരവാദിത്വം എഴുതിയ ആള്‍ക്ക് മാത്രമാണ്, പ്രസാധകര്‍ക്കില്ലെന്നും കാനം
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യമുള്ളതും ഇല്ലാത്തതും എഴുതിവച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിലെ എല്ലാം അംഗീകരിക്കാനാകില്ല. എന്നാല്‍ സോളര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ രാഷ്ട്രീയ ധാരണയുണ്ടാക്കിയെന്ന സി ദിവാകരന്റെ പരാമര്‍ശം ശരിയല്ല. അത്തരം വാദങ്ങള്‍ വാസ്തവ വിരുദ്ധമെന്നും കാനം ചൂണ്ടിക്കാട്ടുന്നു.
സി ദിവാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ പലതും ആത്മകഥയിലില്ല. എഴുതിയ കാര്യങ്ങളുടെ ഉത്തരവാദിത്വം എഴുതിയ ആള്‍ക്ക് മാത്രമാണ്, പ്രസാധകര്‍ക്കില്ലെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായി ഇടതുമുന്നണി ഉണ്ടാക്കിയ ധാരണയുടെ പുറത്താണ് സെക്രട്ടേറിയറ്റ് വളഞ്ഞ് നടത്തിയ സോളര്‍ സമരം ഒത്തുതീര്‍പ്പാക്കിയതെന്നായിരുന്നു ദിവാകരന്റെ ആത്മകഥയിലെ പ്രധാന വെളിപ്പെടുത്തല്‍.
മുന്‍ കാലങ്ങളില്‍ നിരന്തരം ആരോപണം നേരിട്ടിരുന്നത് കെഎസ്‌യു നേതാക്കള്‍ ആയിരുന്നു. ഇപ്പോഴത് എസ്എഫ്ഐ നേതാക്കളായി എന്ന് മാത്രമാണ് വ്യത്യാസം
കാനം രാജേന്ദ്രന്‍
സര്‍വകലാശാലകളിലെ അട്ടിമറികള്‍ പതിവാണെന്നായിരുന്നു എസ്എഫ്ഐ നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള വ്യാജരേഖയുമായി ബന്ധപ്പെട്ട ചോദ്യത്തോടുള്ള കാനത്തിന്റെ മറുപടി. മാര്‍ക്ക് ലിസ്റ്റ് വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തോട് കാനത്തിന്റെ പ്രതികരണം. മുന്‍ കാലങ്ങളില്‍ നിരന്തരം ആരോപണം നേരിട്ടിരുന്നത് കെഎസ്‌യു നേതാക്കള്‍ ആയിരുന്നു. ഇപ്പോഴത് എസ്എഫ്ഐ നേതാക്കളായി എന്ന് മാത്രമാണ് വ്യത്യാസമെന്നും കാനം ചൂണ്ടിക്കാട്ടുന്നു.