ശ്രദ്ധ സതീഷിന്റെ ആത്മഹത്യ: ആരോപണങ്ങൾ തള്ളി കാഞ്ഞിരപ്പളളി രൂപത; കെടിയു അധികൃതർ അമല്‍ ജ്യോതി കോളേജ് സന്ദർശിക്കും

ശ്രദ്ധ സതീഷിന്റെ ആത്മഹത്യ: ആരോപണങ്ങൾ തള്ളി കാഞ്ഞിരപ്പളളി രൂപത; കെടിയു അധികൃതർ അമല്‍ ജ്യോതി കോളേജ് സന്ദർശിക്കും

ശ്രദ്ധ സതീഷിന്റെ ആത്മഹത്യ സംബന്ധിച്ച് എന്താണ് യഥാർത്ഥ്യമെന്നത് അന്വേഷണ ഏജൻസികളും സർക്കാരും ചേർന്ന് പുറത്ത് കൊണ്ടുവരണമെന്ന് കാഞ്ഞിരപ്പളളി രൂപത
Published on

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുളള ആരോപണങ്ങളെ തളളി കാഞ്ഞിരപ്പളളി രൂപത. രാജ്യത്തെ പേരുകേട്ടതും കേരളത്തിൽ മുൻ നിരയിൽ നിൽക്കുന്നതുമായ കോളേജിനെതിരെ ചില തത്പരകക്ഷികൾ കൃത്യമായ അജണ്ടയോടെ പ്രവർത്തിക്കുന്നുവെന്നും അടുത്തകാലത്തായി ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ ഒറ്റ തിരഞ്ഞുളള ആക്രമണങ്ങൾ നടത്തി വരുന്നുവെന്നും ഫാദർ ബോബി അലക്‌സ് മണ്ണംപ്ലാക്കൽ ആരോപിച്ചു.

കേരളത്തിൽ ഇനി ഇങ്ങനെ ഒരു സംഭവം ഒരിക്കലും ആവർത്തിക്കാൻ പാടില്ലെന്നും ശ്രദ്ധ സതീഷിന്റെ ആത്മഹത്യ സംബന്ധിച്ച് എന്താണ് യഥാർത്ഥ്യമെന്നത് അന്വേഷണ ഏജൻസികളും സർക്കാരും ചേർന്ന് പുറത്ത് കൊണ്ടു വരണമെന്നും അദ്ദേ​ഹം ആവശ്യപ്പെട്ടു. കേസിനെ സംബന്ധിച്ച് സമ​ഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോട്ടയം എസ്പിക്ക് കോളേജ് മാനേജ്മെന്റ് കത്ത് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രദ്ധ ആത്മഹത്യ ചെയ്യുന്നത് ജൂൺ മാസം രണ്ടാം തിയതി വൈകുന്നേരമാണ്. ഒരു മാസത്തേ അവധിക്ക് ശേഷം ജൂൺ ഒന്നിനാണ് ശ്രദ്ധ കോളേജിലെത്തുന്നത്. അന്നേ ദിവസമാണ് യൂണിവേഴ്സ്റ്റിയുടെ മൂന്നാം സെമസ്റ്ററിന്റെ റിസൾട്ട് വരുന്നത്. മൂന്ന് സെമസ്റ്ററിന്റെയും റിസൾട്ട് കണക്ക് കൂട്ടുമ്പോൾ 16 പേപ്പറുകളിൽ 12 എണ്ണത്തിലും ശ്രദ്ധ പരാജയപ്പെട്ടിരുന്നു എന്നാണ് കോളേജ് അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞതെന്ന് ഫാദർ ബോബി അലക്‌സ് പറഞ്ഞു.

ജൂൺ രണ്ടാം തിയതി ഫുഡ് ടെക്നോളജിയുടെ ലാബ് ക്ലാസ് നടക്കുന്ന സമയത്ത് ശ്രദ്ധ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലാ​ബിൽ നിന്ന് അധ്യാപിക മൊബൈൽ ഫോൺ വാങ്ങി എച്ച്ഒഡിയെ ഏൽപ്പിച്ചുവെന്നും എച്ച്ഒഡി ശ്രദ്ധയുടെ മാതാപിതാക്കളെ ഇക്കാര്യം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കാരണങ്ങളലാണ് ഇത് ചെയ്യുന്നതെന്നും ഒന്ന് കോളേജിന്റെ അച്ചടക്ക നടപടിയുടെ ഭാ​ഗമായാണെന്നും രണ്ടാമത് കുട്ടിയുടെ സുരക്ഷയെ മുൻ നിർത്തിയാണെന്നുമാണ് ഫാദർ ബോബിയുടെ വിശദീകരണം.

അതേദിവസം, ശ്രദ്ധയുടെ അമ്മ റൂം മേറ്റിനെ വിളിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ അമ്മയോട് സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷം റൂം മേറ്റ്സ് ഭക്ഷണം കഴിച്ച് തിരികെ വരുമ്പോഴാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നും ഉടൻ തന്നെ തൊട്ടടുത്തുളള മേരി ക്വീൻസ് ആശുപത്രിയിൽ കൊണ്ടുപോയെന്നും അ​ദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമത്തിലെ ആരോപണങ്ങളൊന്നും ശരിയല്ലെന്നും ശ്രദ്ധയെ വളരെ വേ​ഗത്തിൽ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ കൊണ്ടു പോകുന്ന ഘട്ടത്തിൽ തന്നെ ശ്രദ്ധയുടെ മാതാപിതാക്കളെ വിവരം അറിയിച്ചെന്നും ശ്രദ്ധയ്ക്ക് സുഖമില്ലെന്നാണ് വീട്ടിൽ വിളിച്ച് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ വിശദമായി കാര്യങ്ങൾ അന്വേഷിക്കാൻ സാങ്കേതിക സർവകലാശാല അധികൃതർ നാളെ അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് സന്ദർശിക്കും. കോളേജിന്റെ നിലവിലുള്ള സാഹചര്യവും വിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് നിർദേശിച്ചു. സിന്റിക്കേറ്റ് അംഗം പ്രൊഫ ജി സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ വിനു തോമസ് എന്നിവരാണ് കോളേജ് സന്ദർശിക്കുക.

logo
The Fourth
www.thefourthnews.in