കാർ കത്തി ദമ്പതികളുടെ മരണം; അപകട കാരണം വണ്ടിയിൽ സൂക്ഷിച്ച പെട്രോൾ കുപ്പികൾ
കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ തീ പടരാൻ കാരണം വണ്ടിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പികളെന്ന് റിപ്പോര്‍ട്ട്. മോട്ടോർ വാഹന വകുപ്പും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. കാറിന്റെ ഡ്രൈവർ സീറ്റിനടിയിലാണ് പെട്രോൾ കുപ്പികൾ സൂക്ഷിച്ചിരുന്നത്.
ഷോർട് സർക്യൂട്ട് കാരണമാണ് കാറിന് തീപിടിച്ചതെന്നായിരുന്നു കണ്ണൂര്‍ ആർ ടി ഒ യുടെ പ്രാഥമിക നിഗമനം. സാനിറ്റൈസറോ സ്‍പ്രേയോ ആവാം തീ ആളിക്കത്താൻ ഇടയാക്കിയതെന്നും കരുതിയിരുന്നു. വിശദമായ പരിശോധനയിലാണ് പെട്രോൾ സൂക്ഷിച്ചതാണ് തീ ആളിക്കത്താൻ ഇടയാക്കിയതെന്ന് കണ്ടെത്തിയത്. വണ്ടിയിൽ ഉണ്ടായിരുന്ന എയർ പ്യൂരിഫയറും അപകടത്തിന്റെ ആഘാതം കൂടാൻ കാരണമായെന്നും ഉദ്യോഗസ്ഥർ പറയുന്നു.
സ്ത്രീക്ക് പ്രസവ വേദന വന്നതുകൊണ്ട് തന്നെ പുക ഉയരുന്നത് വാഹനത്തിലുള്ളവർ ഗൗനിച്ചിട്ടുണ്ടാവില്ലെന്നും ആര്‍ടിഒ പറഞ്ഞു.
"'ചെറിയ പുകയോ മണമോ കാറിലുള്ളവര്‍ക്ക് കിട്ടിയിട്ടുണ്ടാവും. സ്ത്രീക്ക് പ്രസവ വേദന വന്നതുകൊണ്ട് എത്രയും പെട്ടെന്ന് ആശുപത്രിയിലെത്താന്‍ അവരതൊന്നും ഗൗനിക്കാതെ പോയതാവാം. മുന്‍പിലിരുന്ന രണ്ടു പേരുടെയും സീറ്റ് ബെല്‍റ്റ് അതുപോലെതന്നെയുണ്ട്. പെര്‍ഫ്യൂമോ സാനിറ്റൈസറോ കാറിലുണ്ടായിരുന്നിരിക്കാം. ഇതാവാം തീ ആളിക്കത്താന്‍ കാരണം. കാറില്‍ അഡിഷണല്‍ ഫിറ്റിങ്സുണ്ട്. അതിനെക്കുറിച്ചും പരിശോധിക്കുന്നുണ്ട്"- ആര്‍ ടി ഒ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെയാണ് കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ദാരുണമായ അപകടമുണ്ടായത്. പൂർണ ഗർഭിണിയായ റീഷയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്താൻ 50 മീറ്റർ മാത്രം ശേഷിക്കെ കാറിൽ നിന്ന് പുക ഉയരുകയായിരുന്നു. പിൻസീറ്റിലുണ്ടായിരുന്ന ഇവരുടെ മകൾ ശ്രീ പാർവതി, റീഷയുടെ പിതാവ് വിശ്വനാഥൻ, മാതാവ് ശോഭന, സഹോദരി സജിന എന്നിവർക്ക് പുറത്തിറങ്ങാൻ സാധിച്ചു. എന്നാൽ മുൻസീറ്റിൽ യാത്ര ചെയ്ത പ്രജിത്തിനും ഭാര്യ റീഷയ്ക്കും രക്ഷപ്പെടാനായില്ല. മുൻ വാതിൽ തുറക്കാൻ കഴിയാതിരുന്നതിനാൽ ഇരുവരും വാഹനത്തിനുള്ളിൽ പെട്ടുപോകുകയായിരുന്നു. സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് തീ അണച്ച ശേഷം വാതിൽ വെട്ടിപ്പൊളിച്ചാണ് പ്രജിത്തിനെയും റീഷയെയും പുറത്തെടുത്തത്.