'ഒരു വിപ്ലവകാരിയുടെ പതനം ആഘോഷമാക്കുന്നു'; മനു തോമസിനെതിരെ പ്രതിരോധം ശക്തമാക്കി സിപിഎം
കണ്ണൂര്‍ സിപിഎം നേതൃത്വത്തിലെ ചിലര്‍ക്ക് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം പരസ്യമായി ഉന്നയിച്ച മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പ്രതിരോധം ശക്തമാക്കി സിപിഎം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂരിലെ മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ജയരാജനാണ് മനുവിനും മാധ്യമങ്ങള്‍ക്കുമെതിരെ രംഗത്തെത്തിയത്. സ്വര്‍ണക്കടത്ത് സംഘത്തിനെതിരെ പോരാടുകയായിരുന്നു താന്‍ എന്ന മനു തോമസിന്റെ അവകാശവാദം കബളിപ്പിക്കലിന്റെ ഭാഗമാണെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയതുകൊണ്ടാണ് മനു തോമസിന് മാധ്യമങ്ങള്‍ കവറേജ് നല്‍കുന്നത്. തനിക്കെതിരെ മനു തോമസ് നടത്തിയ പരമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വ്വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ല
പി ജയരാജന്‍
ഒരു വര്‍ഷം മുമ്പ് നല്‍കിയ പരാതി പാര്‍ട്ടി കാര്യമായി അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് മനു തോമസ് പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്നത്. ഇതേ തുടര്‍ന്ന് ഇദ്ദേഹം ജില്ലാ കമ്മിറ്റിയില്‍നിന്ന് പുറത്തായിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക്, യുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം ഷാജിറിനെതിരെ ആരോപണം ഉന്നയിച്ച കത്തും ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി കൂടിച്ചേര്‍ന്ന് ഷാജിര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ഈ കത്തില്‍ ആരോപിക്കുന്നത്. ആരോപണം അന്വേഷിച്ച ജില്ലാ കമ്മിറ്റി ഷാജിറിന് ശ്രദ്ധക്കുറവുണ്ടായി എന്ന് മാത്രമാണ് കണ്ടെത്തിയതെന്നുമാണ് എം വി ഗോവിന്ദന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയത്. 2023 ഏപ്രിലില്‍ സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ കത്താണ് ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതിന് മുമ്പ് തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടറി മനു തോമസിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.
കത്ത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പി ജയരാജന്‍, മനു തോമസിനെതിരെ രംഗത്തെത്തിയത്. വിപ്ലവകാരിയുടെ പതനമാണ് മനു തോമസിന് സംഭവിച്ചതെന്ന് പറഞ്ഞുതുടങ്ങുന്ന കുറിപ്പ്, മാധ്യമങ്ങള്‍ ഇപ്പോള്‍ മനുവിന് നല്‍കുന്ന പരിഗണന സിപിഎമ്മില്‍നിന്ന് പുറത്തുപോയത് കൊണ്ടാണെന്നും പറയുന്നു. അനീതിക്കെതിരായ പോരാളിയുടെ പരിവേഷം മാധ്യമങ്ങള്‍ നല്‍കിയ മനു തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് നിയമ നടപടിയെടുക്കും. കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്ന ആള്‍, എന്തിനേറെ പറയുന്നു അതിനിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാത്തയാള്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോള്‍ ആരെയാണദ്ദേഹം കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹം പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യംവെച്ച് ബോധപൂര്‍വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ല' പി ജയരാജന്‍ പറഞ്ഞു.
മനു നടത്തുന്ന വ്യാപാര സംരംഭങ്ങളില്‍നിന്ന് ജില്ലാ കമ്മിറ്റി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പിന്‍മാറണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്തേണ്ടത് അദ്ദേഹമായിരുന്നു. തന്റെ 20 വര്‍ഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരിതേക്കാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
മനുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഒന്നും ഉന്നയിച്ചിരുന്നില്ല. എന്നാല്‍ സംസ്ഥാന സെക്രട്ടറിക്ക് എഴുതിയ കത്ത് പുറത്തുവന്നതോടെ, മനുവിന്റെ ആരോപണങ്ങള്‍ക്കെതിരായ പ്രതിരോധം സിപിഎം ശക്തിപ്പെടുത്തുമെന്നാണ് സൂചന. പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിന്റെ തുടക്കമായേക്കാം.