കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; പിടികൂടിയത് 2.5 കോടി രൂപ വിലമതിക്കുന്ന നാല് കിലോഗ്രാം സ്വർണം
കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.5 കോടി രൂപ വിലമതിക്കുന്ന നാല് കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടി. കോഴിക്കോട് മടവൂർ സ്വദേശി പാമ്പുങ്ങൽ മുഹമ്മദ് ഫാറൂഖിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടിയത്.
ശരീരത്തിനുള്ളിൽ ക്യാപ്സൂളുകളാക്കി കടത്താൻ ശ്രമിച്ച 811 ഗ്രാം സ്വർണ മിശ്രിതവും അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 164 ഗ്രാം സ്വർണ മാലയുമാണ് മുഹമ്മദ് ഫാറൂഖിൽ നിന്ന് പിടിച്ചെടുത്തത്. അബുദാബിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.
മുഹമ്മദ് ഫാറൂഖിന് 70,000 രൂപയും വിമാനടിക്കറ്റുമാണ് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നത്. ഇതുകൂടാതെ, ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയ ഇൻഡിഗോ എയർലൈൻസിന്റെ സീറ്റുകൾക്ക് അടിയിൽ നിന്ന് ഒരു കിലോഗ്രാം വീതം തൂക്കം വരുന്ന 3 സ്വർണ്ണ ബിസ്ക്കറ്റുകളും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ടു കേസുകളിലും എയർ കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തി വരികയാണ്.