കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് പീഡിപ്പിക്കുന്നുവെന്ന് ഭാര്യ
കോഴിക്കോട് മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതി. സെന്‍ട്രല്‍ ടാക്‌സ് & സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണറേറ്റ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന സന്ദീപ് നൈനിനെ പോലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ രേണുവാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച രേണു പക്ഷേ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് ദ ഫോര്‍ത്തിനോട് പറഞ്ഞു.
മതിയായ രേഖകളോ വാറന്റോ ഇല്ലാതെ തങ്ങളുടെ താമസസ്ഥലം റെയ്ഡ് ചെയ്ത പോലീസ് തന്നോടും കുടുംബത്തോടും മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. റെയ്ഡില്‍ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ കഴിയാഞ്ഞ പോലീസ് പിന്നീട് സമന്‍സോ വാറന്റോ ഇല്ലാതെ ചോദ്യം ചെയ്യലെന്ന വ്യാജേന ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയും കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം പിടിച്ചെടുത്തെന്നും ഉപദ്രവിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
രാവിലെ 7.45ന് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് ബോധരഹിതനായി കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെന്ന് പിന്നീട് പോലീസ് അറിയിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നാല്‍പ്പത്തിയഞ്ച് മിനുട്ട് ഭര്‍ത്താവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ബോധരഹിതനായതാണെന്നാണ് പരാതിയുടെ ഉള്ളടക്കം. തങ്ങളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ഒത്താശ ചെയ്ത കേസില്‍ ബന്ധമുള്ള ഉദ്യോഗസ്ഥരെ കൊണ്ടോട്ടി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാളെ ചോദ്യം ചെയ്തതെന്നാണ് സൂചന. അതേ സമയം വിഷയത്തില്‍ പരാതിയെ സംബന്ധിച്ച് കമ്മീഷണര്‍ പ്രതികരിച്ചില്ല. പരാതിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് കൊണ്ടോട്ടി ഡി.വൈ.എസ്.പി പറഞ്ഞു.
വിമാനത്താവളം വഴി നടന്ന അറുപത് സ്വര്‍ണകടത്തുകളില്‍ പങ്കാളിയെന്ന് കണ്ടെത്തിയ സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീന്‍കുമാറിനെ കഴിഞ്ഞദിവസം സി.ഐ.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ കഴിഞ്ഞ അഞ്ചിന് കരിപ്പൂര്‍ വഴികടത്താന്‍ ശ്രമിച്ച 503 ഗ്രാം സ്വര്‍ണമിശ്രിതം പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കിയത്.