അന്ന് അമുലിനെതിരെ നന്ദിനി, ഇന്ന് നന്ദിനിക്കെതിരെ മിൽമ; 
പാലിൽ വീണ്ടും 'പോര്'

അന്ന് അമുലിനെതിരെ നന്ദിനി, ഇന്ന് നന്ദിനിക്കെതിരെ മിൽമ; പാലിൽ വീണ്ടും 'പോര്'

കര്‍ണാടക വിപണയിലേക്ക് പ്രവേശിക്കാൻ അമുല്‍ നീക്കം നടത്തിയപ്പോള്‍ കര്‍ണാടക മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു
Updated on
1 min read

കേരളത്തിൽ നേരിട്ട് പാലുത്പന്നങ്ങൾ വില്‍ക്കാനുള്ള കര്‍ണാടക മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (കെഎംഎഫ്) തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി മില്‍മ. കെഎംഎഫിനു കീഴിലുളള നന്ദിനി പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാന്‍ മഞ്ചേരിയിലും കൊച്ചിയിലും ഔട്ട്‌ലെറ്റുകൾ തുടങ്ങിയതോടെയാണ് മില്‍മയുടെ പരസ്യ പ്രതിഷേധം.

തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കർണാടകയില്‍ നിന്ന് പാല്‍ വാങ്ങുന്നത് പുനഃപരിശോധിക്കേണ്ടിവരുമെന്ന് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചെയര്‍മാനും മലബാര്‍ മില്‍മ യൂണിയന്‍ ചെയര്‍മാനുമായ എം എസ് മണി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സമവായം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎംഎഫിന്റെ കേരളത്തിലേക്കുള്ള കടന്നുവരവിനെ എറണാകുളം മേഖല മില്‍മ ചെയര്‍മാന്‍ എം ടി ജയനും ശക്തമായി എതിര്‍ത്തു. സഹകരണ സ്ഥാപനങ്ങള്‍ അനാരോഗ്യകരമായി ഇടപെടലുകള്‍ നടത്തുന്നത് ശരിയല്ലെന്നും തീരുമാനത്തില്‍നിന്ന് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ കീഴിലുള്ള അമുൽ ബ്രാൻഡ്, കർണാടക വിപണിയിൽ പ്രവേശിക്കാൻ അടുത്തിടെ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ വലിയ എതിർപ്പാണ് കെഎംഎഫും വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനകളും ഉയർത്തിയത്. അതേ ഫെഡറേഷന്‍ കേരളത്തിലെ വിപണിയിൽ കടന്നുകയറാന്‍ ശ്രമിക്കുന്നതില്‍ എന്ത് ന്യായമാണുള്ളതെന്നാണ് മില്‍മ ഉയർത്തുന്ന പ്രധാന ചോദ്യം.

നന്ദിനിയുടെ കടന്നുവരവ് മില്‍മയില്‍, മേഖലാ വ്യത്യാസമില്ലാതെ കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. നന്ദിനിയുടെ വരവ് മൊത്തവരുമാനത്തെ ബാധിക്കുമെന്ന ആശങ്കയാണ് പരസ്യപ്രതിഷേധത്തിലേക്ക് കടക്കാന്‍ മില്‍മയെ പ്രേരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in