മൻ കി ബാത്തിൽ നിവർന്ന് കാർത്തുമ്പി കുടകൾ; വേണം കൂടുതൽ സർക്കാർ സഹായം
മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെക്കുറിച്ച് പരാമർശിച്ചതോടെ, അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നിന്നുമിറങ്ങുന്ന വർണക്കുടകൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒരിക്കൽ അട്ടപ്പാടിയെ സൊമാലിയയുമായി താരതമ്യപ്പെടുത്തി അവഹേളിച്ച അതേ പ്രധാനമന്ത്രിയിൽ നിന്നു തന്നെ, സംരഭകത്വത്തിൻ്റെ മാതൃകയായി അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെക്കുറിച്ചുള്ള പ്രശംസകൾ കേട്ടപ്പോൾ പ്രദേശവാസികൾക്ക് സന്തോഷം. പ്രധാനമന്ത്രിയുടെ പരാമർശത്തിൽ സന്തോഷമുണ്ടെങ്കിലും ഇപ്പോൾ അത്ര ശുഭകരമല്ല കാർത്തുമ്പി കുടകളുടെ നിർമ്മാണം. കുടകൾ നിർമ്മിക്കുന്നതിന് തുണിയുൾപ്പടെയുള്ള സാമഗ്രികളുടെ വില വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണം.
കുടകളുടെ നിർമ്മാണം കൂടുതൽ വിപുലപ്പെടുത്തുന്നതിനായി കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ 23 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ തുക ഇനിയും ലഭ്യമായിട്ടില്ലെന്ന് നിർമ്മാണത്തിന് നേതൃത്വം നൽകുന്ന തമ്പ് എന്ന സംഘടന വ്യക്തമാക്കി. 2017ൽ സർക്കാർ നൽകിയ 17 ലക്ഷം രൂപയുടെ ഗ്രാൻ്റാണ് പദ്ധതിയെ മുന്നോട്ട് നയിക്കുന്നത്.
കാർത്തുമ്പിയുടെ വരവ്
2014 ലാണ് അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമ്പ് എന്ന സാമൂഹ്യ സംഘടന കുടകളുടെ നിർമ്മാണം ആരംഭിക്കുന്നത്. ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ഊരിലെ സ്ത്രീകൾക്ക് തൊഴിലും അതിലൂടെ മികച്ച ജീവിത സാഹചര്യവും ഉണ്ടാക്കിയെടുക്കുകയെന്നതായിരുന്നു ലക്ഷ്യം. തമ്പ് പ്രസിഡണ്ട് രാജേന്ദ്രപ്രസാദിൻ്റെ നേതൃത്വത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്. ഇതിനായി ഫണ്ട് ശേഖരിക്കാൻ ദുബായിൽ പോയി. വ്യക്തിഗത വായ്പ ഉൾപ്പടെ പത്തുലക്ഷം രൂപ സ്വരൂപിച്ചു. തുടർന്ന് വിവിധ ഊരുകളിലെ അൻപതോളം പേരെ പരിശീലനത്തിനായി തിരഞ്ഞെടുത്തു. ഇതിൽ പത്ത് പേർ ചേർന്ന് ആയിരം കുടകൾ നിർമ്മിച്ചു.
മികച്ച ഗുണനിലവാരമുള്ള കുടകൾ സർക്കാരിൻ്റെ പിന്തുണയോടെ വിവിധ സ്ഥാപനങ്ങളിൽ വില്പന നടത്തി. സ്കൂൾ ഹോസ്റ്റലുകൾ, ഇൻഫോപാർക്ക് ഉൾപ്പടെയുളള സ്ഥാപനങ്ങളിലെല്ലാം കാർത്തുമ്പി കുടകളെത്തി. എഴുപതിനായിരം കുടകൾ വരെ നിർമിച്ച വർഷങ്ങളുണ്ടെന്ന് രാജേന്ദ്രപ്രസാദ് പറയുന്നു.
ഒരു കുട നിർമിക്കുന്നതിന് മുപ്പത് രൂപയാണ് ഊരു നിവാസികൾക്ക് ലഭിക്കുക. നിർമാണ സാമഗ്രികൾ തമ്പ് എത്തിച്ചു നൽകും. ഒരു ദിവസം ഇരുപത് കുടകൾ വരെ നിർമമിക്കാൻ കഴിയും. വീടുകളിൽ ഇരുന്ന് തന്നെ ഇവ ചെയ്യാൻ കഴിയും എന്നതിനാൽ നിർമ്മാണത്തിൽ പങ്കാളിയായവർക്ക് ഏറെ ആശ്വാസകരമായിരുന്നു. ഇതിനിടെ പദ്ധതി തുടങ്ങാൻ കടം വാങ്ങിയ പത്തു ലക്ഷം രൂപ തിരിച്ചു നൽകാനും കഴിഞ്ഞു.
കുട നിർമ്മാണത്തിന് സർക്കാർ ഗ്രാൻറ്
കാർത്തുമ്പി കുടകളുടെ സാധ്യത മനസിലാക്കിയതോടെ 2017-ൽ 17 ലക്ഷം രൂപ സംസ്ഥാന സർക്കാർ ഗ്രാൻറ് നൽകി. കൂടുതൽ പേർക്ക് പരിശീലനം നൽകുന്നതിനു നിർമ്മാണം വിപുലപ്പെടുത്തുന്നതിനുമായിരുന്നു സഹായം. ഇതോടെ വിവിധ ഊരുകളിലെ അഞ്ഞൂറോളം പേർക്ക് പരിശീലനം നൽകി. എന്നാൽ അത്രയും പേർക്ക് കുട നിർമിക്കുന്നതിനും വിപണനം കണ്ടെത്തുന്നതിനും കഴിയാതെ വന്നത് തിരിച്ചടിയായി.
കോവിഡിന് ശേഷം നിവരാത്ത കാർത്തുമ്പി കുട
കോവിഡ് വന്നതോടെ കൂടുതൽ പ്രതിസന്ധിയിലേക്ക് പോയി. ഇപ്പോൾ ഒരു വർഷം രണ്ടായിരം കുടകൾ വരെയാണ് നിർമിക്കുന്നത്. ഹോസ്റ്റലുകൾ, ഐടി പാർക്കുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിച്ചിരുന്ന ഓർഡറുകൾ നിലച്ചതും തിരിച്ചടിയായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം സർക്കാർ 23 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചത് പ്രതീക്ഷ നൽകിയിരുന്നു. സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിമൂലം ഈ തുക ഇതുവരെയും ലഭ്യമായിട്ടില്ലെന്ന് തമ്പ് വ്യക്തമാക്കുന്നു.
കുട നിർമാണത്തിൽ അഞ്ഞൂറോളം പേർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിലും ഈ വർഷം 26 പേർ മാത്രമാണ് കുട നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ളത്. കൂടുതൽ നിർമാണ സാമഗ്രികൾ വാങ്ങാൻ കഴിയാത്തതിനാലാണ് മുഴുവൻ ആളുകൾക്കും കുട നിർമാണത്തിന് അവസരം കൊടുക്കാൻ കഴിയാത്തത്. പ്രധാനമന്ത്രി പരാമർശിച്ചതോടെ വീണ്ടും വാർത്തയിൽ നിറഞ്ഞതിൻ്റെ സന്തോഷമുണ്ടെങ്കിലും സർക്കാർ സഹായം കിട്ടിയാലേ മുന്നോട്ട് പോകാനാവൂവെന്ന് തമ്പ് പ്രവർത്തകർ പറയുന്നു.