കരുവന്നൂര്‍ സഹകരണ ബാങ്ക്
കരുവന്നൂര്‍ സഹകരണ ബാങ്ക്

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം തിരികെ നല്‍കുമെന്ന് സർക്കാർ ഹൈക്കോടതിയില്‍

പണം അത്യാവശ്യമുള്ളവർക്ക് ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടാമെന്ന് ഹൈക്കോടതി
Updated on
1 min read

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവർക്ക് പണം തിരികെ നല്‍കുമെന്ന് സർക്കാർ. കേരള ബാങ്കില്‍ നിന്നടക്കം വായ്പയെടുത്ത് തുക തിരിച്ചുനല്‍കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബാങ്കിന്റെ ആസ്തികള്‍ പണയം വെച്ചാണ് തുക സമാഹരിക്കാനൊരുങ്ങുന്നത്. സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി ചേർന്ന് പ്രശ്ന പരിഹാര മാർഗങ്ങള്‍ ചർച്ച ചെയ്തെന്നും സർക്കാർ കോടതിയെ അറിയിച്ചു.

തുക തിരിച്ചുനല്‍കുന്നതിലെ നടപടിക്രമങ്ങളെക്കുറിച്ച് കോടതി ചോദിച്ചപ്പോഴാണ് സർക്കാരിന്റെ വിശദീകരണം. പണം അത്യാവശ്യമുള്ളവർക്ക് ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടാമെന്നും കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

മുഖ്യപ്രതി ബിജോയി, മറ്റ് പ്രതികളായ സുനില്‍കുമാര്‍, ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലും ബാങ്കിലും പരിശോധന

അതിനിടെ, തട്ടിപ്പ് കേസില്‍ ബാങ്കിന്റെ ഹെഡ്ഓഫീസിലും പ്രതികളുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുകയാണ്. മുഖ്യപ്രതി ബിജോയി, മറ്റ് പ്രതികളായ സുനില്‍കുമാര്‍, ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലും ബാങ്കിലും ഒരേ സമയമാണ് കൊച്ചിയില്‍ നിന്നുള്ള 75 പേരടങ്ങുന്ന ഇ ഡി സംഘം റെയ്ഡിനെത്തിയത്. ക്രൈംബ്രാഞ്ചും സമാന്തരമായി ഇഡിയും കേസ് അന്വേഷിക്കുന്നുണ്ട്.

നിക്ഷേപകരുടെ 300 കോടിയിലേറെ രൂപ ബാങ്കിലെ ഇടത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ ഉന്നതതല സമിതി നടത്തിയ ഓഡിറ്റില്‍ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. വ്യാജ രേഖ ചമച്ച് നിരവധി ആളുകളുടെ പേരിൽ ലോണ്‍ എടുത്താണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവർത്തനത്തിലും തട്ടിപ്പ് നടന്നുവെന്നാണ് പരിശോധനയിൽ തെളിഞ്ഞത്.

logo
The Fourth
www.thefourthnews.in