കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും; ആദ്യഘട്ടത്തില്‍ അന്‍പതിലേറെ പ്രതികള്‍
കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ ആദ്യഘട്ട കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇഡി കുറ്റപത്രം സമര്‍പ്പിക്കുക. അറസ്റ്റിലായ നാല് പേര്‍ ഉള്‍പ്പടെ അന്‍പതിലേറെ പ്രതികളെ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ടകുറ്റപത്രം. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഒന്നാംപ്രതി സതീഷ്‌കുമാറിന്‌റെയും രണ്ടാംപ്രതി പി പി കിരണിന്‌റെയും അറസ്റ്റ് സെപ്റ്റംബര്‍ 4നാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 26ന് സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷനും കരുവന്നൂര്‍ ബാങ്കിലെ മുന്‍ അക്കൗണ്ടന്റും അറസ്റ്റിലായി. കരുവന്നൂരില്‍ കോടികളുടെ കള്ളപ്പണമിടപാട് നടന്നുവെന്നാണ് കണ്ടെത്തല്‍.
അതേസമം ഇന്നു മുതല്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാം.
50000 രൂപ മുതല്‍ 100000 രൂപവരെയുള്ള കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളായിരിക്കും തിരികെ നല്‍കുക. നവംബര്‍ 11 മുതല്‍ 50000 രൂപവരെയുള്ള സ്ഥിരനിക്ഷേപങ്ങളും പിന്‍വലിക്കാന്‍ സാധിക്കും. 23688 സേവിങ്‌സ് നിക്ഷേപകരില്‍ 21190 പേര്‍ക്ക് നവംബര്‍ ഒന്നുമുതല്‍ പൂര്‍ണ്ണമായും ബാക്കിയുള്ളവര്‍ക്ക് ഭാഗികമായും പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നാണ് ബാങ്ക് അറിയിച്ചത്.
ബാങ്കിന് പലിശയടക്കം തിരിച്ചടവായി ലഭിക്കാനുള്ളത് 509 കോടി രൂപയാണ്. അതില്‍ 80 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്. 8049 സ്ഥിരനിക്ഷേപകരില്‍ ഇപ്പോള്‍ 3770 പേര്‍ക്കായിരിക്കും പലിശയും നിക്ഷേപവും പൂര്‍ണമായും തിരികെ ലഭിക്കുക. 134 കോടി വരുന്ന സ്ഥിരനിക്ഷേപത്തില്‍ 79 കോടിരൂപ ഉടന്‍ തിരികെ നല്‍കും.