കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം കൗണ്‍സിലര്‍ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം കൗണ്‍സിലര്‍ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു

വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത അരവിന്ദാക്ഷനെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ എത്തിക്കും
Updated on
1 min read

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ അരവിന്ദാക്ഷനെ എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ്‌ അറസ്റ്റ് ചെയ്തു. നേരത്തെ കേസുമായി ബന്ധപ്പെട്ട് പലതവണ അരവിന്ദാക്ഷനെ ഇഡി ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ കേസിലെ മുഖ്യപ്രതി പി സതീഷ്കുമാർ നടത്തിയ പല സാമ്പത്തിക ഇടപാടുകൾക്കും അരവിന്ദാക്ഷൻ ഇടനിലക്കാരനായിരുന്നു എന്നതാണ് ആരോപണം. വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത അരവിന്ദാക്ഷനെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ എത്തിക്കും.

കരുവന്നൂർ ബാങ്കിലെ പി.പി കിരൺ സതീഷ് കുമാറിന് മൂന്നര കോടി രൂപ എത്തിച്ചുകൊടുത്ത പണമിടപാടിന് അരവിന്ദാക്ഷൻ ഇടനിലക്കാരനായിരുന്നു എന്ന ആരോപണമുണ്ട്. ഒന്നരക്കോടി രൂപയുടെ നിക്ഷേപമായിരുന്നു സതീഷ് കുമാറിന് കരുവന്നൂർ ബാങ്കിലുണ്ടായിരുന്നത് അത് പലിശ സഹിതമാണ് മൂന്നരക്കോടി രൂപയായി തിരിച്ചു കൊടുക്കുന്നത്.

മൂന്നു ബാഗുകളിലായാണ് ഇത് സതീഷിന്റെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് കരുതപ്പെടുന്നത്. സംഭവ സ്ഥലത്ത് അരവിന്ദാക്ഷനുണ്ടായിരുന്നതായി സാക്ഷി മൊഴികളുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം കൗണ്‍സിലര്‍ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും നേരത്തെ തന്നെ അരവിന്ദാക്ഷൻ പോലീസിൽ പരാതിപ്പെട്ടിരുന്നു. മുൻമന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എസി മൊയ്തീനെതിരെ തെളിവുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഭീഷണി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞിരുന്നു. ഈ ആരോപണങ്ങളും പരാതികളും നിലനിൽക്കുമ്പോഴാണ് അരവിന്ദനെ ഇപ്പോൾ ഇഡി കസ്റ്റഡിയിൽ എടുത്തതായുള്ള വാർത്തകൾ വരുന്നത്.

കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തത്. എസി മൊയ്തീനും പികെ ബിജുവുമാണ് നേരത്തെ ആരോപണം നേരിട്ട സിപിഎം നേതാക്കൾ. എസി മൊയ്തീന്റെ വീട്ടിലുൾപ്പെടെ റെയ്ഡ് നടത്തിയിട്ടും ചോദ്യം ചെയ്തിട്ടും തെളിവൊന്നും കണ്ടെത്താനായില്ല എന്നതായിരുന്നു സിപിഎം അവകാശവാദം. ഇതിനെല്ലാം ഒടുവിലാണ് പി.ആർ അരവിന്ദാക്ഷൻ അറസ്റ്റിലാകുന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചി ഇഡി ആസ്ഥാനത്ത് ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ്. തൃശൂർ സഹകരണബാങ്ക് സെക്രട്ടറി എൻ.ബി ബിനു, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ജിൽസ്, മുഖ്യപ്രതി സതീഷ് കുമാറിന്റെ ഭാര്യ ബിന്ദു എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in