കരുവന്നൂര്‍ ബാങ്ക്: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍, അനധികൃത വായ്പയ്ക്ക് പി രാജീവ് സമ്മര്‍ദം ചെലുത്തിയെന്ന് ഇഡി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍. അനധികൃത വായ്പയ്ക്ക് പി രാജീവ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഇഡി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്പ്പകള്‍ അനുവദിക്കാന്‍ മന്ത്രി പി രാജീവിന്റെ സമ്മര്‍ദമുണ്ടായി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ പി രാജീവ് നിയമവിരുദ്ധ വായ്പ അനുവദിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ഇഡിയുടെ ആരോപണം.
മന്ത്രി പി രാജീവിനെതിരെ കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മൊഴി നല്‍കിയത്.
വിവിധ സിപിഎം ലോക്കല്‍, ഏരിയ കമ്മിറ്റികളുടെ പേരില്‍ നിരവധി രഹസ്യ അക്കൗണ്ടുകളുണ്ട്. പാര്‍ട്ടി കെട്ടിട ഫണ്ട് അക്കൗണ്ട്, ഏരിയ കോണ്‍ഫറന്‍സ് സുവനീര്‍ അക്കൗണ്ട് എന്നീ പേരുകളില്‍ തട്ടിപ്പ് നടത്തി കോടികള്‍ രഹസ്യ അക്കൗണ്ടുകളിലൂടെ സിപിഎം നിക്ഷേപിച്ചുവെന്നും ഇഡിയുടെ സത്യവാങ്മൂലത്തിലുണ്ട്.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പില്‍ പങ്കുള്ള അലി സാബ്‌റി നല്‍കിയ ഹര്‍ജിയിലാണ് ഇഡിയുടെ മറുപടി സത്യവാങ്മൂലം നല്‍കിയത്.