''ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല''; വിവാദ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് മന്ത്രി വി അബ്ദുറഹിമാന്‍
കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി വി അബ്ദുറഹിമാന്‍. നികുതി കുറയ്ക്കാനില്ലെന്നും പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്നുമായിരുന്നു കായികമന്ത്രിയുടെ പ്രതികരണം. എന്നാല്‍ പാവപ്പെട്ടവര്‍ കളി കാണേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സാധാരണക്കാരന് കളി കാണാന്‍ കഴിയില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. തെറ്റിദ്ധാരണ കാരണമാണ് പ്രസ്താവന ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതെന്നും മന്ത്രി പ്രതികരിച്ചു.
ടിക്കറ്റ് ചാര്‍ജ് വര്‍ധനയെക്കുറിച്ചാണ് പറഞ്ഞതെന്നും വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ക്രിക്കറ്റ് അസോസിയേഷന്റെ ഉയര്‍ന്ന നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതല്ലെന്നും മന്ത്രി പ്രതികരിച്ചു. എല്ലാ ഗ്രൗണ്ടും എല്ലാ ആള്‍ക്കാര്‍ക്കും തുറന്നുകൊടുക്കണമെന്ന് ആഗ്രഹമുള്ള ആളാണ് താനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അറ്റകുറ്റപ്പണികള്‍ക്ക് പണമില്ലാത്തതുകൊണ്ടാണ് ചെറിയ ഫീസ് ഈടാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 15 ന് നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. 1,476 രൂപയാണ് ടിക്കറ്റ് വില. ഉയര്‍ന്ന ടിക്കറ്റ് നിരക്കിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി പട്ടിണികിടക്കുന്നവര്‍ കളികാണാന്‍ പോകേണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തില്‍ അഞ്ച് ശതമാനമായിരുന്ന വിനോദ നികുതി പന്ത്രണ്ട് ശതമാനമാക്കിയാണ് ഉയര്‍ത്തിയത്.
പ്രസ്താവന വിവാദമായതോടെ പ്രതിഷേധവുമായി പ്രതിപക്ഷമടക്കം രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവനയെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ രംഗത്തെത്തിയിരുന്നു. പട്ടിണി കിടക്കുമ്പോള്‍ കളി ആസ്വദിക്കുക എന്നത് പ്രയാസമായിരിക്കും എന്നാണ് മന്ത്രി ഉദ്ദേശിച്ചതെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.