'സോഷ്യലിസ്റ്റ് സമഗ്രാധിപത്യങ്ങളെയും തള്ളിപറയണം, പ്രത്യയശാസ്ത്ര പ്രശ്‌നം ഉയര്‍ത്തി കവിതാ കൃഷ്ണൻ സിപിഐ(എംഎല്‍) വിട്ടു
ഇന്ത്യയിലും ലോകത്തും ഉയര്‍ന്നുവരുന്ന സമഗ്രാധിപത്യത്തിനും ജനപ്രിയ ഭൂരിപക്ഷ വാദത്തിനുമെതിരെ ഉദാര ജനാധിപത്യത്തെ ഉയര്‍ത്തി കൊണ്ടുവരണമെന്ന് പ്രമുഖ ആക്ടിവിസ്റ്റും സിപിഐഎംഎല്‍ പൊളിറ്റ് ബ്യൂറോ അംഗവുമായ കവിതാകൃഷ്ണന്‍. ഇതുള്‍പ്പെടെയുളള ചില സൈദ്ധാന്തിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടിയുടെ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായും അത് പാര്‍ട്ടി അംഗീകരിച്ചതായും കവിതാ കൃഷ്ണന്‍ പറഞ്ഞു.
ഉദാരജനാധിപത്യ ക്രമത്തെ അംഗീകരിക്കണമെന്നതിന് പുറമെ മൂന്ന് കാര്യങ്ങളാണ് കവിതാ കൃഷ്ണന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായി പറഞ്ഞത്. ഇതില്‍ ഏറ്റവും പ്രധാനമായുള്ളത് സോഷ്യലിസ്റ്റ് രാജ്യങ്ങളെ കുറിച്ചുള്ളതാണ്. സ്റ്റാലിന്‍ കാലത്തെയും സോവിയറ്റ് യൂണിയനെയും ചൈനയേയും പരാജയപ്പെട്ട സോഷ്യലിസ്റ്റ് മാതൃകകളായി മാത്രമല്ല വിലയിരുത്തേണ്ടത്. മറിച്ച് ഇപ്പോഴും സമഗ്രാധിപത്യ സംവിധാനങ്ങള്‍ക്ക് മാതൃകയാവുന്ന ഭരണക്രമങ്ങള്‍ ആണെന്ന നിലയില്‍ കൂടിയാണെന്നാണ് കവിതാ കൃഷ്ണന്റെ നിലപാട്. സ്റ്റാലിനെ എം എല്‍ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നും തള്ളിപറഞ്ഞിട്ടില്ല.
സ്റ്റാലിന്റെ ഭരണത്തിനുശേഷം നികിത ക്രൂഷ്‌ചേവ് അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ സോവിയറ്റ് യൂണിയനില്‍ തിരുത്തല്‍വാദം പിടിമുറുക്കിയെന്നും മുതലാളിത്ത പുനഃസ്ഥാപനം നടന്നുവെന്നുമാണ് സിപിഐ എംഎല്‍ സംഘടനകളുടെ നിലപാട്. ചൈനയില്‍ മാവോയ്ക്ക് ശേഷം ദെങ് സിയാവോ പിങ് അധികാരത്തില്‍ എത്തിയതുമുതല്‍ സോഷ്യലിസമല്ല, മുതലാളിത്ത പുനഃസ്ഥാപനമാണ് നടന്നതെന്നാണ് ഈ പാര്‍ട്ടികള്‍ വിലിയിരുത്തുന്നത്. എന്നാല്‍ സിപിഎം പോലുളള പാര്‍ട്ടികള്‍ ചൈനയെ ഇപ്പോഴും സോഷ്യലിസ്റ്റ് ക്രമം നിലനില്‍ക്കുന്ന രാജ്യമായാണ് വിലയിരുത്തുന്നത്.
ഇന്ത്യയില്‍ ഫാസിസത്തിനെതിരായ ജനാധിപത്യ പോരാട്ടം ശരിയായ രീതിയില്‍ ആവണമെങ്കില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതും അല്ലാത്തതുമായ എല്ലാ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഈ അവകാശങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടെന്നും കവിതാ കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിരന്തരം ഉയര്‍ന്നുവന്ന വിഷയമാണ് കവിതാ കൃഷ്ണന്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. സോവിയറ്റ് യൂണിയന്‍ ഹംഗറിയിലും ചെക്കസ്ലാവാക്ക്യയിലും അധിനിവേശം നടത്തിയപ്പോള്‍ അതിനെതിരെ നിലപാടെടുത്തവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ പരസ്യമായി രംഗത്തുവന്നിരുന്നില്ല. ചൈനയില്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍ വെടിവെപ്പിനെ സിപിഎം ന്യായീകരിച്ചപ്പോള്‍ പി ഗോവിന്ദപിള്ള അതിനെ എതിര്‍ത്തിരുന്നു. മാര്‍ക്‌സിസ്റ്റ് ഫെമിനിസ്റ്റ് എന്ന് പറഞ്ഞാണ് കവിതാ കൃഷ്ണന്‍ പാര്‍ട്ടിയോടുള്ള പ്രത്യയ ശാസ്ത്ര പ്രശ്‌നങ്ങള്‍ പരസ്യപ്പെടുത്തിയത്.