'സ്വവർഗ വിവാഹവും ഗർഭഛിദ്രവും അംഗീകരിക്കില്ല;' മാർപാപ്പയെയും വത്തിക്കാൻ സിനഡിനെയും തള്ളി കെ സി ബി സി
മാർപാപ്പയെയും വത്തിക്കാൻ സിനഡിനെയും തള്ളി കേരളാ കത്തോലിക്കാ മെത്രാൻ സമിതി. സ്വവർഗ വിവാഹം, ലിവിങ് ടുഗതർ, ഗർഭഛിദ്രം ഏര്‍പ്പെട്ടവരോട് യാതൊരു വിവേചനവും അംഗീകരിക്കില്ല എന്ന വത്തിക്കാന്‍ നിലപാടാണ് തള്ളിയത്. ബുധനാഴ്ച സമാപിച്ച കെ സി ബി സി സമ്മേളനത്തിലാണ് തീരുമാനം. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാൻ നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡിസംബര്‍ 4,5,6 തീയതികളിലായി പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനാനന്തരം പുറപ്പെടുവിച്ച വാർത്താ കുറിപ്പിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍ തുടങ്ങിയ ചിന്താഗതികള്‍ പരമ്പരാഗത സാമൂഹിക ജീവിത ധാരകളെ കീഴ്‌മേല്‍ മറിക്കുന്നതും ദൂരവ്യാപകമായ അരാജകത്വം സൃഷ്ടിക്കുന്നതുമാണെന്നും സമ്മേളനം വിലയിരുത്തി. ഇത്തരം ചിന്താധാരകളെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ രചനകളും സിനിമ, നാടകം, സീരിയല്‍ തുടങ്ങിയവപുതുതലമുറയെ വഴിതെറ്റിക്കുന്നവയാണെന്നും മെത്രാന്‍ സമിതി കുറ്റപ്പെടുത്തി.
ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജെ ബി കോശി കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഴുവനായിതന്നെ പരസ്യമാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സഭാവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യണമെന്നും കെ.സി.ബി.സി. ആവശ്യപ്പെട്ടു.
സഭാംഗങ്ങള്‍ എന്ന നിലയിലും പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയിലും അതിവേഗം മാറിവരുന്നസാമൂഹിക ജീവിതത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ ക്രൈസ്തവര്‍ തഴയപ്പെടുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ ഗൗരവത്തോടെ കാണണമെന്ന് മെത്രാന്‍സമിതി വിലയിരുത്തി. കുസാറ്റ് അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണമെന്ന് കെ സി ബി സി ആവശ്യപ്പെട്ടു. കൂടാതെ വനം വകുപ്പിനെ മുൻ നിർത്തി സംസ്ഥാന സർക്കാരിനെയും മണിപ്പൂരിനെ മുൻ നിർത്തി കേന്ദ്ര സർക്കരിനെയും കെ സി ബി സി വിമർശിച്ചു.