പിഎസ്‌സി തസ്തികകളിലേയ്ക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അപേക്ഷിക്കാമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍

പിഎസ്‌സി തസ്തികകളിലേയ്ക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അപേക്ഷിക്കാമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍

ഹോമിയോപതിക് മെഡിക്കല്‍ കോളേജ് വകുപ്പിന് കീഴില്‍ ഹൗസ് കീപ്പര്‍ (സ്ത്രീ), സായുധ പോലീസ് ബറ്റാലിയനില്‍ സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയ്‌നി) തസ്തികകളിലേക്ക് അപേക്ഷിക്കാനാണ് അനുമതി
Updated on
1 min read

സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനം ചെയ്യുന്ന തസ്തികകളിലേയ്ക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. ഹോമിയോപതിക് മെഡിക്കല്‍ കോളേജ് വകുപ്പിന് കീഴില്‍ ഹൗസ് കീപ്പര്‍ (സ്ത്രീ), സായുധ പോലീസ് ബറ്റാലിയനില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയ്‌നി) തസ്തികകളിലേക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അപേക്ഷിക്കാമെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. ഈ തസ്തികകളിലേക്ക് സ്ത്രീകള്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നതെന്നും അത് ലിംഗവിവേചനമാണെന്നും ചൂണ്ടിക്കാട്ടി ട്രാന്‍സ് വുമണ്‍ അനീറ കബീര്‍ സി, അര്‍ജുന്‍ ഗീത എന്നിവര്‍ നല്‍കിയ അപേക്ഷയിലാണ് നടപടി.

ജുഡീഷ്യല്‍ അംഗമായ ജസ്റ്റിസ് പി വി ആശ, അഡ്മിനിസ്‌ട്രേറ്റീവ് രാജേഷ് ദിവാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്. മറ്റൊരു വിധി വരുന്നതുവരെ, ട്രാന്‍സ്‌ജെന്‍ഡറുകളുടെ അപേക്ഷ പരിഗണിക്കണമെന്ന് ട്രിബ്യൂണല്‍ പിഎസ്‌സിയോട് നിര്‍ദേശിച്ചു. ഹൗസ് കീപ്പര്‍ തസ്തികയിലേക്കുള്ള പിഎസ്‌സി വിജ്ഞാപനം ലിംഗവിവേചനം നിറഞ്ഞതാണെന്നായിരുന്നു അനീറ ചൂണ്ടിക്കാട്ടിയത്. ലിംഗവിവേചനം ഭരണഘടനയുടെ 15, 16 അനുഛേദത്തിന്റെ ലംഘനമാണ്. തസ്തികയുടെ പരിധിയില്‍നിന്ന് ട്രാന്‍സ് വുമണെ മനപൂര്‍വം ഒഴിവാക്കുന്നത് 2015ലെ സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ നയങ്ങള്‍, 2019ലെയും 2020ലെയും ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ നിയമങ്ങള്‍, പരമോന്നത കോടതിയുടെ വിവിധ വിധിന്യായങ്ങള്‍ എന്നിവയ്ക്ക് എതിരാണെന്നും അനീറ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

സബ് ഇന്‍സ്‌പെക്ടര്‍ തസ്തികകയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അര്‍ജുന്‍ ഗീത ടിബ്യൂണലിനെ സമീപിച്ചത്. ലിംഗവിവേചനം അവസാനിപ്പിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും അവസരമൊരുക്കണം എന്നായിരുന്നു ആവശ്യം. കൂടാതെ, ട്രാന്‍സ്‌ജെന്‍ഡറുകളെ ഒരു പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കാനും, വിവിധ വിഭാഗങ്ങളിലെ തസ്തികകളിലേക്ക് ട്രാന്‍സ് ജെന്‍ഡറുകള്‍ക്കായി പ്രത്യേക വിജ്ഞാപനം ഇറക്കാന്‍ പിഎസ്‌സിക്ക് നിര്‍ദേശം നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.

അഭിഭാഷകരായ കാളീശ്വരം രാജ്, തുളസി കെ രാജ്, ജോഗി മാത്തുണ്ണി, ചിന്നു മരിയ ആന്റണി, അപര്‍ണ മേനോന്‍, സിമ്രാന്‍, മഞ്ചിമ, ശില്‍പശ്രീ എന്നിവരാണ് അപേക്ഷകര്‍ക്കായി ഹാജരായത്.

logo
The Fourth
www.thefourthnews.in