സംവരണ വിരുദ്ധത പറഞ്ഞ് കോളേജ് മാഗസിൻ, മണ്ണുത്തി കാർഷിക കോളേജ് കെഎസ്‌യു യൂണിയൻ വിവാദത്തിൽ, വെറുപ്പിന്റെ മഷിയെന്ന് എസ്എഫ്ഐ

സംവരണ വിരുദ്ധത പറഞ്ഞ് കോളേജ് മാഗസിൻ, മണ്ണുത്തി കാർഷിക കോളേജ് കെഎസ്‌യു യൂണിയൻ വിവാദത്തിൽ, വെറുപ്പിന്റെ മഷിയെന്ന് എസ്എഫ്ഐ

കെഎസ്‌യു നേതൃത്വത്തിലുള്ള യൂണിയന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാഗസിനിലാണ് സംവരണ വിരുദ്ധ കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരിക്കുന്നത്
Updated on
2 min read

കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലെ മണ്ണൂത്തി ഹോര്‍ട്ടികള്‍ച്ചര്‍ ക്യാമ്പസ് യൂണിയന്റെ മാഗസിനില്‍ സംവരണ വിരുദ്ധ കാര്‍ട്ടൂണ്‍. കെഎസ്‌യുവിന്റെ നേതൃത്വത്തിലുള്ള യൂണിയന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാഗസിനിലാണ് സംവരണ വിരുദ്ധ കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരിക്കുന്നത്. എസ്ടി, എസ്സി, ഒബിസി വിഭാഗങ്ങള്‍ക്ക് ലഭിച്ചതിന്റെ ബാക്കിയെ ജനറല്‍ വിഭാഗത്തിന് ലഭിക്കുന്നുള്ളൂവെന്നാണ് കാര്‍ട്ടൂണിന്റെ ആശയം. സര്‍ക്കാര്‍ ഈ മൂന്ന് വിഭാഗങ്ങളെ പരിഗണിച്ചതിന് ശേഷം മാത്രമേ ജനറല്‍ വിഭാഗങ്ങളെ പരിഗണിക്കുന്നുള്ളൂവെന്നാണ് കാര്‍ട്ടൂണില്‍ പറഞ്ഞിരിക്കുന്നത്. പ്രണവ് എസ് എന്ന വിദ്യാര്‍ത്ഥിയുടേതാണ് കാര്‍ട്ടൂണ്‍.

യൂണിയനെ നയിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പേര് കെ എസ് യു എന്നാണ്, അവരുടെ രാഷ്ട്രീയ പഠനത്തിന്റെ മോഡ്യൂള്‍ തയ്യാറാക്കുന്നത് സംഘപരിവാര്‍ ഫാക്ട്ടറികളിലാണ്.

പി എം ആര്‍ഷോ

അതേസമയം കാര്‍ട്ടൂണിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തി. കെഎസ്‌യുവിന്റെ രാഷ്ട്രീയ പഠനത്തിന്റെ മോഡ്യൂള്‍ തയ്യാറാക്കുന്നത് സംഘപരിവാര്‍ ഫാക്ടറികളിലാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ കുറിച്ചു. കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് ആര്‍ഷോ കെഎസ്‌യുവിനെ വിമര്‍ശിച്ചത്. ''കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ മണ്ണൂത്തി ഹോര്‍ട്ടികള്‍ച്ചര്‍ ക്യാമ്പസ് യൂണിയന്‍ പുറത്തിറക്കിയ മാഗസിനാണ്. ആ യൂണിയനെ നയിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പേര് കെ എസ് യു എന്നാണ്, അവരുടെ രാഷ്ട്രീയ പഠനത്തിന്റെ മോഡ്യൂള്‍ തയ്യാറാക്കുന്നത് സംഘപരിവാര്‍ ഫാക്ട്ടറികളിലാണ്. റഫറന്‍സില്‍ മനുസ്മൃതി കാണാം, വെറുപ്പിന്റെ അച്ചടി മഷിയും,'' ആര്‍ഷോ കുറിച്ചു.

കാർട്ടൂണിന്റെ ആശയം പൊതു സമൂഹത്തിനിടയിൽ തെറ്റായി പ്രതിഫലിക്കപ്പെട്ടതിൽ ശക്തമായ ഖേദം പ്രകടിപ്പിക്കുന്നു

കെഎസ്‌യു യൂണിറ്റ് കമ്മിറ്റി

അതേസമയം മാഗസിനിലെ പ്രസ്തുത ഭാഗം പിൻവലിക്കുമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ദ ഫോർത്തിനോട് പ്രതികരിച്ചു. മാഗസിൻ്റെ പരിഷ്കരിച്ച പതിപ്പ് ഉടൻ തന്നെ വിദ്യാർത്ഥികൾക്കും നൽകുമെന്നും ഗോകുൽ പറഞ്ഞു. മാഗസിനിൽ സംഭവിച്ച വീഴ്ചയുമായി ബന്ധപ്പെട്ട് യൂണിറ്റ് കമ്മിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. കാർട്ടൂണിന്റെ ആശയം പൊതു സമൂഹത്തിനിടയിൽ തെറ്റായി പ്രതിഫലിക്കപ്പെട്ടതിൽ ശക്തമായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെഎസ്‌യു യൂണിറ്റ് കമ്മിറ്റി അറിയിച്ചു. ഈ ഉള്ളടക്കത്തിലെ ആശയം ഏതെങ്കിലും വ്യക്തിക്കോ അവർ ഉൾപ്പെടുന്ന സമൂഹത്തിനോ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നുവെന്നും യൂണിറ്റ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.

സംവരണ വിരുദ്ധത പറഞ്ഞ് കോളേജ് മാഗസിൻ, മണ്ണുത്തി കാർഷിക കോളേജ് കെഎസ്‌യു യൂണിയൻ വിവാദത്തിൽ, വെറുപ്പിന്റെ മഷിയെന്ന് എസ്എഫ്ഐ
'മുസ്ലിം ലീഗിന്റേത് മതരാഷ്ട്രവാദികളുടെ മുദ്രാവാക്യം, ജമാഅത്തെ ഇസ്ലാമിയുടെ ദൗത്യം ഏറ്റെടുത്തു'; വിമർശനവുമായി ദേശാഭിമാനി

''വെള്ളാനിക്കര കാർഷിക കോളേജിൽ നിന്നും പുതുതായി പുറത്തിറങ്ങിയ 'നന്നങ്ങാടി' എന്ന കോളേജ് മാഗസിനിലെ ഒരു കാർട്ടൂണിന്റെ ആശയം പൊതു സമൂഹത്തിനിടയിൽ തെറ്റായി പ്രതിഫലിക്കപ്പെട്ടതിൽ പ്രിയപ്പെട്ട വായനക്കാരോട് യൂണിയൻ ശക്തമായ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത വിഷയത്തിലുണ്ടായ ശ്രദ്ധക്കുറവിനെ ഒരു തരത്തിലും വിദ്യാർത്ഥി യൂണിയൻ ന്യായീകരിക്കുവാൻ ഉദ്ദേശിക്കുന്നില്ല. ഈ ഉള്ളടക്കത്തിലെ ആശയം ഏതെങ്കിലും വ്യക്തിക്കോ അവർ ഉൾപ്പെടുന്ന സമൂഹത്തിനോ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നതിനോടൊപ്പം ആ ഉള്ളടക്കം വിദ്യാർത്ഥി യൂണിയൻ മാഗസിനിൽ നിന്നും പിൻവലിക്കുന്നതായും അറിയിക്കുന്നു,'' പ്രസ്താവനയിൽ പറയുന്നു.

logo
The Fourth
www.thefourthnews.in