മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല;
തുടർച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചു

മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല; തുടർച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചു

സഭാ സമ്മേളനം വെട്ടി ചുരുക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.
Updated on
1 min read

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സഭാ സമ്മേളനം ആരംഭിച്ചയുടൻ തന്നെ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധം പ്രതിപക്ഷം തുടങ്ങി. ചോദ്യോത്തരവേള തുടർന്ന് കൊണ്ടുപോകാനാവാതെ പ്രതിഷേധം കനത്തപ്പോൾ സ്പീക്കർ സഭ താത്ക്കാലികമായി നിർത്തി. പിന്നീട് കാര്യോപദേശക സമിതി ചേർന്നെങ്കിലും പ്രതിപക്ഷം വിട്ടുനിന്നു. സഭാ സമ്മേളനം വെട്ടി ചുരുക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ഈ മാസം 30 വരെയുള്ള നടപടികൾ ഷെഡ്യൂൾ ചെയ്തു. നടപടിക്രമങ്ങൾ മുൻനിശ്ചയിച്ച പ്രകാരം തുടരാനും കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു.

പ്രശ്ന പരിഹാരം തേടി പാർലമെന്ററികാര്യ മന്ത്രി കെ രാധാക്യഷ്ണൻ രംഗത്ത് വന്നെങ്കിലും ചർച്ചകൾ മുന്നോട്ട് പോയില്ല. കോൺഗ്രസിലെ മുതിർന്ന അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ വഴിയായിരുന്നു കെ രാധാകൃഷ്ണന്റെ അനുരഞ്ജന ശ്രമം. മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തി അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കുന്ന കാര്യത്തിൽ ഉറപ്പ് വേണമെന്നതാണ് പ്രധാനപ്പെട്ട പ്രതിപക്ഷ ആവശ്യം.

11.30 ന് സഭ വീണ്ടും ചേർന്നപ്പോൾ കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ സ്പീക്കർ എ എൻ ഷംസീർ റൂളിംഗ് നടത്തി. സർക്കാർ തീരുമാനം നടപ്പിലാക്കുന്നയാളാണ് സ്പീക്കറെന്ന പരാമർശം ശരിയല്ലെന്ന് സ്പീക്കർ റൂളിംഗ് നടത്തി. സഭയ്ക്ക് അകത്ത് സമാന്തര സഭ നടത്തിയത് അംഗീകരിക്കാനാവില്ലെന്നും ആവർത്തിച്ചാൽ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. ഇതിനിടെ പാലക്കാട് ഷാഫി പറമ്പിൽ അടുത്ത തവണ തോൽക്കുമെന്ന പരാമർശം അനുചിതമാണെന്ന് സ്പീക്കർ സമ്മതിച്ചു. പരാമർശം സഭാ രേഖകളിൽ നിന്നടക്കം പിൻവലിക്കുന്നുവെന്ന് പ്രസ്താവനയും നടത്തി.

logo
The Fourth
www.thefourthnews.in