കേരള നിയമസഭ
കേരള നിയമസഭ

'പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥ'; ഇന്നും ബഹളത്തിൽ മുങ്ങി നിയമസഭ; പ്രതിപക്ഷം നടുത്തളത്തിൽ;സഭ താത്കാലികമായി നിർത്തി

സര്‍ക്കാര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും മറുപടി പറയാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും വി ഡി സതീശൻ ആരോപിച്ചു
Updated on
1 min read

പ്രതിപക്ഷ എംഎൽഎമാരുടെ ബഹളത്തെ തുടർന്ന് നിയമസഭാ നടപടികൾ താത്ക്കാലികമായി നിർത്തിവച്ചു. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ നിർത്തേണ്ടി വന്നത്. നിയമസഭയിലെ തര്‍ക്കത്തില്‍ സമവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചു. സമ്മേളനം മുന്നോട്ട് കൊണ്ടുപോകണോ എന്നതടക്കം ചർച്ച ചെയ്യാൻ കാര്യോപദേശക സമിതി അൽപ്പസമയത്തിനകം ചേരും.

എന്നാൽ കാര്യോപദേശക സമിതിയില്‍ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഈ പ്രശ്‌നം മറ്റൊരു വേദിയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കാര്യോപദേശക സമിതി എന്നത്, ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സമവായ ചര്‍ച്ചയ്ക്ക് സ്പീക്കര്‍ പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ചര്‍ച്ച ചെയ്യട്ടെ എന്ന് മറുപടിയായിരുന്നു പ്രതിപക്ഷ നേതാവ് നല്‍കിയത്.

തുടക്കത്തിലേ പ്രതിഷേധമുയര്‍ത്തിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടായിരുന്നു പ്രതിപക്ഷ നീക്കം. പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും സഭയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രാഹുലിന്റെ വീട്ടിലേക്ക് പോലീസിനെ അയച്ച അതേ മാനസികാവസ്ഥയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. സര്‍ക്കാര്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും മറുപടി പറയാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും വി ഡി സതീശൻ ആരോപിച്ചു. പ്രതിപക്ഷത്തെ മനഃപൂര്‍വം പ്രകോപിപ്പിക്കുന്നുവെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചത്. തുടർന്ന് പ്രതിപക്ഷം പ്ലക്കാർഡും ബാനറും ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭാനടപടികള്‍ അല്‍പനേരത്തേക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു.

അതേസമയം എല്ലാ വിഷയത്തിലും റൂൾ 50 അനുവദിക്കാനാവിലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സർക്കാരും. കേസ് കേസിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് സർക്കാരിന്. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള ആലോചനകൾ സർക്കാർ തലത്തിൽ നടക്കുന്നുണ്ടെന്നാണ് വിവരം.

logo
The Fourth
www.thefourthnews.in