'കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടുകളില്‍ ഒന്ന്'; ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് നിയമസഭ
പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഉമ്മന്‍ ചാണ്ടി അനുസ്മരണത്തോടെ തുടക്കം. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന വക്കം പുരുഷോത്തമനും ചരമോപചാരം അര്‍പ്പിച്ച് അനുശോചന പ്രമേയം അവതരിപ്പിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് സ്പീക്കര്‍ അനുശോചന പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സ്പീക്കര്‍ അനുശോചന പ്രമേയം വായിക്കുന്ന സമയം മുഴുവന്‍ സഭാംഗങ്ങളെല്ലാം എഴുന്നേറ്റ് നിന്നു കൊണ്ട് അന്തരിച്ച നേതാക്കളോടുള്ള ആദരവ് പ്രകടിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും നിയമസഭയുടെ വിസിറ്റേഴ് ഗാലറിയിലെത്തിയിരുന്നു.
രാഷ്ട്രീയ ജീവിതത്തില്‍ പ്രതിസന്ധികളെ നേരിടാന്‍ അസാമാന്യമായ മനക്കരുത്തും തന്റേടവും ഉമ്മന്‍ ചാണ്ടി കാണിച്ചിരുന്നു
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകമായിരുന്നു ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായ നേതാവ്. രാഷ്ട്രീയ ജീവിതത്തില്‍ പ്രതിസന്ധികളെ നേരിടാന്‍ അസാമാന്യമായ മനക്കരുത്തും തന്റേടവും ഉമ്മന്‍ ചാണ്ടി കാണിച്ചിരുന്നു. പൊതു പ്രവര്‍ത്തകര്‍ക്ക് ഇത് മാതൃകയാണെന്നും സ്പീക്കര്‍ അനുസ്മരിച്ചു. അനുകരണീയ മാതൃകകള്‍ സൃഷ്ടിച്ച സ്പീക്കറായിരുന്നു വക്കം പുരുഷോത്തമെന്നും എഎന്‍ ഷംസീര്‍ ചൂണ്ടിക്കാട്ടി. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ വികാസപരിണാമങ്ങള്‍ക്കൊപ്പം സഞ്ചരിച്ച വ്യക്തിയാണ് വക്കം പുരുഷോത്തമന്‍. അദ്ദേഹം വിടവാങ്ങുമ്പോള്‍ ആ ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായം അവസാനിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.
ഭൗതികമായ സാന്നിധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ ചാണ്ടി അവശേഷിപ്പിച്ച് പോകുന്ന സവിശേഷതകള്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കും.
പിണറായി വിജയന്‍
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടുകളില്‍ ഒന്ന് അവസാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന പ്രസംഗത്തില്‍ പറഞ്ഞു. ഭൗതികമായ സാന്നിധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ ചാണ്ടി അവശേഷിപ്പിച്ച് പോകുന്ന സവിശേഷതകള്‍ കാലത്തെ അതിജീവിച്ച് നിലനില്‍ക്കും. പാര്‍ലമെന്ററി ചരിത്രത്തില്‍ ആഗോള തലത്തിലുള്ള അപൂര്‍വതയാണ് ഉമ്മന്‍ ചാണ്ടിയെന്നും പിണറായി വിജയന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ജനക്കൂട്ടമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശനും അനുസ്മരിച്ചു.
ജനക്കൂട്ടമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഇന്ധനം
വി ഡി സതീശന്‍
24 വരെ നീണ്ടു നില്‍ക്കുന്ന സഭാ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. ചൊവ്വാഴ്ച മുതലാണ് സഭ അതിന്റെ കൃത്യമായ നടപടിക്രമങ്ങളിലേക്ക് കടക്കുക. 53 വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടിയില്ലാതെ ആദ്യമായാണ് നിയമസഭ സമ്മേളിക്കുന്നത്.