'കേരള' 'കേരളം' ആക്കണം; ഔദ്യോഗികരേഖകളിലെ പേര് മാറ്റണമെന്ന പ്രമേയം പാസാക്കി നിയമസഭ
ഔദ്യോഗിക രേഖകളിലും ഭരണഘടനയിലും സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നത് 'കേരളം' എന്നാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേനയാണ് സഭ പാസാക്കിയത്.
ആവശ്യം കേന്ദ്രം അംഗീകരിച്ചു കഴിഞ്ഞാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക. സംസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും.
ഔദ്യോഗിക പേര് കേരളം എന്നാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടു. നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടത് 1956 നവംബര്‍ ഒന്നിനാണ്. കേരളപ്പിറവി ദിനവും നവംബര്‍ ഒന്നിനാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് സ്വാതന്ത്ര്യസമര കാലം മുതല്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ്. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് നിയമസഭ ഏകകണ്ഠമായി യൂണിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും നമ്മുടെ നാട് 'കേരളം' എന്ന പേരില്‍ മാറ്റണമെന്നും ഈ സഭ അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.