നിയമസഭ കയ്യാങ്കളി കേസ്: കുറ്റം നിഷേധിച്ച് പ്രതികള്‍, കേസ് 26ന് വീണ്ടും പരിഗണിക്കും
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ എല്‍ഡിഎഫ് നേതാക്കള്‍ പ്രതിയായ നിയമസഭ കയ്യാങ്കളി കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും. വിചാരണ തീയതിയും അന്ന് തീരുമാനിക്കുമെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി. കേസില്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഒഴികെ മറ്റ് അഞ്ച് പ്രതികളും ഇന്ന് ഹാജരായി. കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചെങ്കിലും പ്രതികള്‍ കുറ്റം നിഷേധിച്ചു.
കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ നിയമപരമായി നേരിടുമെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചത്
കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷങ്ങള്‍ക്കുശേഷമാണ് വിചാരണ നടപടികളിലേക്ക് കടക്കുന്നത്. അതിന്റെ ആദ്യ ഘട്ടമെന്നോണമാണ് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത്. അതിനായാണ് ആറ് പ്രതികളോടും ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. മന്ത്രി ശിവന്‍കുട്ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍, മുന്‍ എംഎല്‍എമാരായ കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞമ്മദ് എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരായി. അതേസമയം, ആരോഗ്യ കാരണങ്ങളാല്‍ എത്താനാവില്ലെന്ന് ജയരാജന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെങ്കില്‍ നിയമപരമായി നേരിടുമെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചത്.
കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് സെപ്റ്റംബർ 14ന് ഹാജരാകണമെന്ന് സിജെഎം കോടതിയുടെ കര്‍ശന നിര്‍ദേശം നല്‍കിയത്. കേസ് പിന്‍വലിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടതോടെയാണ് എല്‍ഡിഎഫ് നേതാക്കള്‍ വിചാരണ കോടതിയില്‍ ഹാജരാകേണ്ടിവന്നത്. വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയിലെ വിടുതല്‍ ഹര്‍ജിയില്‍ വിധി വരുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ശിവന്‍കുട്ടി അടക്കമുള്ളവര്‍ വാദിച്ചത്. എന്നാല്‍, സാങ്കേതികവാദങ്ങളുയര്‍ത്തി വിചാരണ നടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറരുതെന്നും കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതടക്കമുള്ള നടപടികള്‍ക്കായി ഹാജരാകണമെന്നുമായിരുന്നു കോടതിയുടെ നിലപാട്.
അതേസമയം, വിടുതല്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഈ മാസം 26ന് വിശദമായ വാദം കേള്‍ക്കും. കേസില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നുമടക്കമുള്ള വാദങ്ങളാണ് നേതാക്കള്‍ നിരത്തിയത്. നേരത്തെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ കോടതിയില്‍ ഹാജരാകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ തയ്യാറായിരുന്നില്ല. ആ സാഹചര്യത്തിലായിരുന്നു കോടതി അന്തിമ താക്കീതെന്ന നിലയില്‍ ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
അതിനിടെ, കെ കെ ലതികയെ നിയമസഭയിൽ കൈയേറ്റം ചെയ്തെന്ന കേസില്‍ മുൻ എംഎൽഎമാരായ എ ടി ജോര്‍ജിനും എം എ വാഹിദിനും വാറണ്ട് അയച്ചു. കെ കെ ലതിക നല്‍കിയ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിയുടേതാണ് നടപടി. നിയമസഭയില്‍ കയ്യാങ്കളി നടന്ന ദിവസം കെ കെ ലതികയെ കൈയേറ്റം ചെയ്തുവെന്നാണ് കേസ്.