ചോദ്യം വെട്ടിയതില്‍ പ്രതിഷേധം, സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം; നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്കേറ്റം
പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ പ്രക്ഷുബ്ധമായ തുടക്കം. എഡിജിപി അജിത്കുമാര്‍ വിഷയം, നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പി ആര്‍ വിവാദം, തൃശൂര്‍ പൂരം കലക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കലുഷിതമായ കേരള രാഷ്ട്രീയ പശ്ചാത്തലത്തില്‍ ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ നക്ഷത്ര ചിഹ്നം ഇട്ട ചോദ്യം ഒഴിവാക്കിയതിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
സഭയ്ക്കുള്ളില്‍ പ്രതിപക്ഷത്തിന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈ രീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷത്തോട് ഒരു തരത്തിലുമുള്ള വിവേചനവും കാണിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കി. മനഃപൂര്‍വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതിനു മുന്‍പ് സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്നത് ശരിയായ നടപടിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട വിഷയം പ്രാധാന്യമുള്ള ചോദ്യമല്ലെന്നാണോ സ്പീക്കര്‍ പറയുന്നതെന്നായിരുന്നു വി ഡി സതീശന്‍ ഇതിന് മറുപടിയായി ചോദിച്ചുത്. പിന്നാലെ, പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.
സ്പീക്കര്‍ക്കെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പക്വതയില്ലാത്ത നടപടിയാണ് സ്പീക്കറുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം വലിയ വാക്ക് പോരിനും തുടക്കമിട്ടു. മുഖ്യമന്ത്രി ചോദ്യത്തിന് ഉത്തരം നല്‍ക്കുന്നതിനിടെയും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ശക്തമായി. ഇതിനിടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയും പ്രതിഷേധിച്ചു.
ഭരണ പ്രതിപക്ഷ വാക്കേറ്റത്തിനിടെ ആരാണ് പ്രതിപക്ഷ നേതാവെന്ന സ്പീക്കറുടെ ചോദ്യം ഉയര്‍ത്തിക്കാട്ടിയും പ്രതിപക്ഷം പ്രതിഷഷേധം കടുപ്പിച്ചു. സ്പീക്കറുടെ കസേരയില്‍ ഇരുന്ന് പ്രതിപക്ഷ നേതാവ് ആരാണെന്ന് ചോദിച്ചത് അപമാനകമാണെന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. പിന്നാലൊയിരുന്നു അപക്വം എന്ന പരാമര്‍ശം. പ്രതിപക്ഷ നേതാവിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ക്ക് എതിരെ പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത് ശരിയല്ലെന്നും നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണെന്ന് വി ഡി സതീശന്‍ തെളിയിച്ചു എന്നും ആരോപിച്ചു. ഏറ്റവും അപക്വമതിയായ പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്ന് മന്ത്രി എം ബി രാജേഷും സഭയില്‍ പറഞ്ഞു. വി ഡി സതീശന് അഹന്തയാണെന്നും മന്ത്രി കടന്നാക്രമിച്ചു.