സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിഷയങ്ങള്‍ നിരവധി; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെയാണ് ഒൻപത് ദിവസം നീളുന്ന സഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്നത് അടക്കമുള്ള ബില്ലുകള്‍ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കും.
വിഴിഞ്ഞം പ്രക്ഷോഭവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദവും പ്രതിപക്ഷം ഉന്നയിക്കുന്നതോടെ സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ എല്‍ദോസ് കുന്നപ്പിള്ളിൽ പ്രതിയായ പീഡനക്കേസ് ഉയര്‍ത്തിക്കാട്ടിയായിരിക്കും ഭരണപക്ഷം പ്രതിരോധിക്കുക.
ചാന്‍സലര്‍ പദവില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ല് ബുധനാഴ്ചയോ വ്യാഴാഴ്ചയോ സഭയില്‍ അവതരിപ്പിക്കാനാണ് സാധ്യത. ബില്ല് കൊണ്ടുവന്നാല്‍ എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. ചാന്‍സലര്‍ പദവില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതിന് സർക്കാർ ഓര്‍ഡിനന്‍സ് കൊണ്ടു വന്നുവെങ്കിലും ഓര്‍ഡിനന്‍സില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെക്കാത്തതിനെ തുടര്‍ന്നാണ് ബില്ല് കൊണ്ടുവരാന്‍ സർക്കാർ തീരുമാനിക്കുന്നത്.
വെറ്ററിനറി സര്‍വകലാശാല നിയമ ഭേദഗതി ബില്ല് ഉള്‍പ്പെടെ 5 ബില്ലുകളാണ് ആദ്യ ദിനം സഭയില്‍ എത്തുക. രണ്ടാം ദിനത്തില്‍ സഹകരണ നിയമം ബില്ലുകള്‍ അടക്കം നാലു ബില്ലുകളും അവതരിപ്പിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ ജനുവരിയിലും സമ്മേളനം തുടരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നാളെ ചേരുന്ന കാര്യോപദേശക സമിതി യോഗം അന്തിമ തീരുമാനമെടുക്കും.