തിരിച്ചടവിനുള്ള സമയപരിധി  രണ്ട് ദിവസം ബാക്കിനില്‍ക്കെ ജപ്തിയുമായി കേരള ബാങ്ക്; വയോധികയും കുടുംബവും പെരുവഴിയില്‍

തിരിച്ചടവിനുള്ള സമയപരിധി രണ്ട് ദിവസം ബാക്കിനില്‍ക്കെ ജപ്തിയുമായി കേരള ബാങ്ക്; വയോധികയും കുടുംബവും പെരുവഴിയില്‍

കണ്ണൂർ പുറക്കുളത്താണ് ഭാവന വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ കുടുംബത്തെ വീട്ടിൽ നിന്ന് ഇറക്കി വിട്ടത്
Updated on
1 min read

ഭാവന വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കുടുംബത്തെ പെരുവഴിയിലേക്ക് ഇറക്കി വിട്ട് കേരള ബാങ്കിന്റെ ജപ്തി നടപടി. കണ്ണൂര്‍ പുറക്കുളത്തെ സുഹ്റയെയും കുടുംബവുമാണ് പെരുവഴിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു കേരള ബാങ്കിന്റെ നടപടി.

2012 ലാണ് സുഹ്റ കേരള ബാങ്കില്‍ നിന്ന് പത്ത് ലക്ഷം രൂപ ഭവന വായ്പയായി എടുത്തത്. ഈ മാസം 15 വരെയായിരുന്നു തിരിച്ചടവിനുള്ള സമയപരിധി. എന്നാല്‍ സമയപരിധി പൂര്‍ത്തിയാകും മുന്‍പ് ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയെന്നാണ് ആക്ഷേപം. എന്നാല്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ജപ്തി നടത്തിയതെന്നാണ് ബാങ്കിന്റെ വിശദീകരണം. സുഹ്‌റയുമായി ബന്ധപെട്ടിട്ടും അനുകൂല നിലപാടുണ്ടായില്ല എന്ന് ബാങ്ക് അധികൃതർ പറയുന്നു.

വീട് വിറ്റ് ലോൺ അടക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും ബാങ്ക് സമയം നൽകിയില്ലെന്ന് സുഹ്‌റ

അതേസമയം, വീട് വിറ്റ് ലോൺ അടക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും ബാങ്ക് സമയം നൽകിയില്ലെന്ന് സുഹ്‌റ ആരോപിക്കുന്നു. ജപ്‌തി നടക്കുമ്പോൾ വീട്ടിൽ വൃദ്ധയായ മാതാവും 16 വയസുകാരിയായ മകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ വരാന്തയിലായിരുന്നു ഇവര്‍ കഴിഞ്ഞ ദിവസം രാത്രി കഴിഞ്ഞത്.

20.17 ലക്ഷം രൂപയാണ് പലിശ സഹിതം തിരിച്ചടക്കാനുള്ളത്.

20.17 ലക്ഷം രൂപയാണ് പലിശ സഹിതം തിരിച്ചടക്കാനുള്ളത്. തിരിച്ചടവ് മുടങ്ങിയെന്ന് കാണിച്ച് 2014 ൽ ബാങ്ക് സിജെഎം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജപ്‌തി നടപടികൾക്ക് ഉത്തരവിട്ടത്. ഒരു കുടുംബത്തിനും ജപ്‌തി നടപടി മൂലം പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരുന്ന അവസ്ഥ ഉണ്ടാകില്ലെന്ന സർക്കാർ നയം നിലനിൽക്കെയാണ് സഹകരണ ബാങ്കായ കേരള ബാങ്കിന്റെ നടപടി.

ജപ്‌തി നടപടികളിൽ അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കണമെന്ന് സർക്കാർ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. പാർപ്പിട സൗകര്യം ശരിയാകും വരെ ആരെയും വീട്ടിൽ നിന്ന് ഇറക്കി വിടാൻ പാടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in