‘സേവ് അവർ നേഷന്’ പിന്നാലെ സ്നേഹയാത്രയും; ക്രിസ്ത്യൻ പിന്തുണ ഉറപ്പിക്കാൻ പുതു തന്ത്രങ്ങളുമായി ബിജെപി

‘സേവ് അവർ നേഷന്’ പിന്നാലെ സ്നേഹയാത്രയും; ക്രിസ്ത്യൻ പിന്തുണ ഉറപ്പിക്കാൻ പുതു തന്ത്രങ്ങളുമായി ബിജെപി

നേരത്തെ യുഡിഎഫിനൊപ്പം നിന്നിരുന്ന ക്രിസ്ത്യൻ വോട്ട് ബാങ്കിൽ വലിയൊരു ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ പിന്തുണച്ചിരുന്നെങ്കിലും ആ പിന്തുണ ഇപ്പോൾ ഇല്ലെന്നും പരിവാർ സംഘടനകൾ വിലയിരുത്തുന്നുണ്ട്
Updated on
3 min read

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിസ്ത്യൻ സമൂഹവുമായി കൂടുതൽ അടുക്കാനൊരുങ്ങി ബിജെപി.  വിഴിഞ്ഞം സമരത്തിലടക്കം ക്രിസ്ത്യൻ സമൂഹത്തിന് ഉണ്ടായ  നീരസം മാറ്റിയെടുക്കാൻ ഗൃഹസമ്പർക്കം ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. ക്രിസ്മസ് ആഘോഷപരിപാടികളുടെ ഭാഗമാകാനും ക്രിസ്ത്യൻ ഭവന സന്ദർനം നടത്താനും പ്രവർത്തകർക്ക് നിർദേശമുണ്ട്. സ്നേഹയാത്രയെന്ന പേരിൽ ക്രിസ്മസിനോടനുബന്ധിച്ച് ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിച്ച് കേക്ക് കൈമാറാനും ആശംസകൾ അറിയിക്കാനുമുള്ള തീരുമാനം വരുന്ന ആഴ്ചയിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും.   

ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളോട് അടുക്കാൻ തുടർച്ചയായി കേന്ദ്ര ബിജെപി നേതൃത്വം നിർദേശം നൽകിവരുന്നുണ്ടെങ്കിലും കൃത്യമായി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനോ നടപ്പാക്കുന്നതിനോ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. പലപ്പോഴും അനുകൂല സമീപനം ന്യൂനപക്ഷ സമുദായങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതും തടസമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി ഏറെ മാറിയിട്ടുണ്ടെന്നും ക്രിസ്ത്യൻ സമുദായത്തിന്   ബിജെപിയോടുള്ള അയിത്തത്തിന് മാറ്റമുണ്ടെന്നും നേതൃത്വം വിലയിരുത്തുന്നു.

വിഴിഞ്ഞം സമരത്തിലടക്കം വ്യത്യസ്ത നിലപാടുണ്ടായിട്ടും  ബിജെപി പ്രത്യക്ഷത്തിൽ സഭയെ പിണക്കുന്ന സമീപനം എടുത്തിരുന്നില്ല. വികസനം വേണമെന്ന് ആവർത്തിക്കുമ്പോഴും തീരദേശ ജനതയുടെ ആശങ്കകൾ പരിഹരിക്കണമെന്ന നിലപാട് സ്വീകരിച്ച് സഭയെ പിണക്കാതിരിക്കുക എന്നതായിരുന്നു ബിജെപി ലൈൻ. വിഴിഞ്ഞത്ത് സമരം നടത്തുന്നവ‍ർക്ക് സ്ഥാപിത താത്പര്യങ്ങൾ ഉണ്ടെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതൃയോഗങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം നിലപാട് സ്വീകരിച്ചപ്പോഴും കരുതലോടെയായിരുന്നു നേതൃത്വത്തിന്‍റെ പ്രതികരണം. പാർട്ടിയോട് അടുക്കുന്ന ക്രിസ്ത്യൻ സമൂഹത്തിനുണ്ടായ തെറ്റിദ്ധാരണകൾ നീക്കണമെന്നും കൂടുതൽ പേരെ ആകർഷിക്കണമെന്നും കഴിഞ്ഞ 11ന് തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗത്തിലും ആവശ്യമുയർന്നു. 

വിഴിഞ്ഞം സമരത്തിൽ സർക്കാർ സ്വീകരിച്ച സമീപനവും ബഫർസോൺ അടക്കം മലയോര ജനതയെ ബാധിക്കുന്ന  പ്രശ്നങ്ങളിലും ക്രിസ്ത്യൻ സമൂഹം അസ്വസ്ഥരാണ്. ഈ അസ്വസ്ഥത എങ്ങിനെ അനുകൂലമാക്കിയെടുക്കാമെന്ന ചിന്തയിലാണ് ബിജെപി

സംസ്ഥാനത്തെ ഇടതുസർക്കാരിനെതിരെയുള്ള വികാരം ക്രിസ്ത്യൻ സമൂഹത്തിനുള്ളിൽ കൂടിവരുന്നുണ്ടെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. സ്കൂൾ സമയമാറ്റത്തിലുൾപ്പെടെ മുസ്ലീം സംഘടനകളുടെ പിടിവാശിക്ക് സർക്കാർ കീഴടങ്ങുന്നതും ലീഗ് അനുകൂല പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്ത് എത്തിയതുമെല്ലാം ക്രിസ്ത്യൻ സമൂഹത്തിന് അസംതൃപ്തി ഉണ്ടാക്കുന്നുണ്ട്.

വിഴിഞ്ഞം സമരത്തിൽ സർക്കാർ സ്വീകരിച്ച സമീപനവും ബഫർസോൺ അടക്കം മലയോര ജനതയെ ബാധിക്കുന്ന പ്രശ്നങ്ങളിലും ക്രിസ്ത്യൻ സമൂഹം അസ്വസ്ഥരാണ്. ഈ അസ്വസ്ഥത എങ്ങനെ അനുകൂലമാക്കിയെടുക്കാമെന്ന ചിന്തയിലാണ് ബിജെപി. നേരത്തെ യുഡിഎഫിനൊപ്പം നിന്നിരുന്ന ക്രിസ്ത്യൻ വോട്ട് ബാങ്കിൽ വലിയൊരു ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ പിന്തുണച്ചിരുന്നെങ്കിലും ആ പിന്തുണ ഇപ്പോൾ ഇടത് മുന്നണിക്ക് ഇല്ലെന്നും പരിവാർ സംഘടനകൾ വിലയിരുത്തുന്നുണ്ട്. ആ വിഭാഗത്തെയും പാർട്ടി ലക്ഷ്യം വെക്കുന്നു.

അമിത് ഷാ കേരളത്തിൽ വന്നപ്പോൾ(2016) ആർച്ച് ബിഷപ്പ് എം സൂസപാകിയവും ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും സന്ദർശിച്ചപ്പോൾ
അമിത് ഷാ കേരളത്തിൽ വന്നപ്പോൾ(2016) ആർച്ച് ബിഷപ്പ് എം സൂസപാകിയവും ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും സന്ദർശിച്ചപ്പോൾ

പാലാ ബിഷപ്പിന്‍റെ ലൗ ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ പിന്തുണയുമായി ബിജെപി നേതാക്കൾ എത്തിയതും ക്രിസ്ത്യൻ സമൂഹത്തിന് മതിപ്പുണ്ടാക്കിയിരുന്നു.  ‘സേവ് അവർ നേഷൻ ഇന്ത്യ’യെന്ന പേരിൽ ആർഎസ്എസ് നേതൃത്വത്തിന്‍റെ അറിവോടെ തന്നെ ആർഎസ്എസ് അനുകൂല ക്രിസ്ത്യൻ സംഘടന രൂപമെടുത്ത് പ്രവർത്തനം തുടങ്ങിയതും  ക്രിസ്ത്യൻ-സംഘപരിവാർ ഐക്യം ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ്. ഗോവൻ മാതൃകയിൽ ബിജെപിയെ ക്രിസ്ത്യൻ സമൂഹത്തിന് സ്വീകാര്യമാക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഒരു മുതിർന്ന നേതാവ് 'ദ ഫോർത്തി'നോട് പറ‌ഞ്ഞു. 

മുൻപ് പി സി തോമസ് എൻഡിഎ മുന്നണിയുടെ ഭാഗമായി ലോക്സഭയിലേക്ക് ജയിച്ചതിന് സമാനമായ സാഹചര്യം ഉറപ്പാക്കാൻ ക്രിസ്ത്യൻ സഭയുടെ പിന്തുണ ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. അന്നത്തേക്കാൾ സ്വീകാര്യത ബിജെപിക്ക് ക്രിസ്ത്യാനികളുടെ ഇടയിൽ ഇപ്പോഴുണ്ടെന്നാണ് വാദം. പാർട്ടി വക്താവായിരുന്ന  ജോർജ് കുര്യൻ മാത്രമായിരുന്നു നേരത്തെ ബിജെപിയിൽ ക്രിസ്ത്യൻ മുഖമെങ്കിൽ ഇന്ന് നിരവധി പേരെ ചൂണ്ടികാണിക്കാൻ ഉണ്ട്. അൽഫോൻസ് കണ്ണന്താനവും യുവ നേതാവ് അനൂപ് ആന്‍റണിയും നോബിൾ മാത്യുയുമെല്ലാം പാർട്ടിയിൽ സജീവമാണെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ ഇവർക്ക് കാര്യമായ റോളില്ലെന്നത് പോരായ്മയായി ചൂണ്ടികാണിക്കപ്പെടുന്നു.  

ക്രിസ്ത്യൻ സമൂഹത്തിന് ബിജെപി അസ്പൃശരല്ലെന്ന് കേരളത്തിൽ മുൻപേ തെളിയിക്കപ്പെട്ടതാണെന്ന് കാസർഗോഡ് കേന്ദ്ര സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസർ ജയപ്രസാദ് പറയുന്നു. ക്രിസ്തുമത വിശ്വാസികൾ ഏറെയുള്ള ഗോവയിലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും സ്വീകരിച്ച തന്ത്രവും രീതികളുമാണ് കേരളത്തിലും ബിജെപി ലക്ഷ്യമിടുന്നതെങ്കിലും സംസ്ഥാനത്ത് അധികാരത്തിലെത്താൻ  തക്ക ശക്തിയില്ലെന്ന തോന്നലാണ് ഇവിടെ ബിജെപിയോട് അടുക്കാൻ ക്രിസ്ത്യൻ സമൂഹത്തിന് തടസം. കേരളത്തിൽ ഒരു രാഷ്ട്രീയ പരീക്ഷണം നടത്തേണ്ട സാഹചര്യം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇല്ലാത്തതാണ് തുറന്ന പിന്തുണ ബിജെപിക്ക് നൽകാൻ ഇവർ മടിക്കുന്നതിന് കാരണമെന്നും ജയപ്രസാദ് വ്യക്തമാക്കുന്നു. 27 ശതമാനം വരുന്ന മുസ്ലീം സമുദായ വോട്ടുകൾക്ക് സംസ്ഥാനത്ത് ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ വലിയ പങ്കുണ്ട്.

ഇടത്, വലത് മുന്നണികളെ അധികാരത്തിൽ കൊണ്ട് വരണോ എന്ന് നിശ്ചയിക്കാനുള്ള വോട്ട് ബാങ്കുള്ള സമ്മർദ്ദശക്തിയായി മുസ്ലീം ന്യൂനപക്ഷം മാറിയിട്ടുണ്ട്. ആ പശ്ചാതലത്തിൽ ക്രിസ്താനികളെ ഒപ്പം കൂട്ടാനുള്ള തന്ത്രം ഫലപ്രദമാണെന്ന് തോന്നാമെങ്കിലും കേരളത്തിലെ ബിജെപിയുടെ ശക്തിയിൽ ഇവർക്ക് സംശയം ഉണ്ട്. മൂന്നാം ബദലാണ് ബിജെപിയെന്ന തോന്നൽ ഉണ്ടായാൽ കൂടുതൽ പേർ ആകർഷിക്കപ്പെട്ടേക്കാം.  ആശയപരമായ തടസമൊന്നും ബിജെപിയെ പിന്തുണക്കുന്നതിൽ ക്രിസ്ത്യൻ സമൂഹത്തിന് ഉണ്ടാകാൻ ഇടയില്ലെന്നും മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മുൻപ് പി സി തോമസ് ജയിച്ച സാഹചര്യം ചൂണ്ടിക്കാട്ടി പ്രൊഫസർ ജയപ്രസാദ് കൂട്ടിചേർക്കുന്നു.

ലോക്സഭാ തിരഞ്ഞടുപ്പിന് തയ്യാറെടുക്കുമ്പോൾ അദ്ധ്യക്ഷ സ്ഥാനത്ത് രണ്ടാം ഊഴത്തിലേക്ക് കടക്കുന്ന കെ സുരേന്ദ്രന് മുന്നിൽ ഏറെ വെല്ലുവിളികളാണുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച 14 ശതമാനം വോട്ട്  ഉയർത്തി 5 മണ്ഡലങ്ങളിലെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിൽ കേന്ദ്ര നേതൃത്വം കേരളത്തിലെ പാർട്ടി സംവിധാനം അടിമുടി ഉടച്ചുവാർക്കുമെന്നത് ഉറപ്പാണ്. കേന്ദ്ര മന്ത്രി വി മുരളീധരനും അധ്യക്ഷൻ കെ സുരേന്ദ്രനമടക്കമുള്ള നേതാക്കൾക്ക് എതിരെ ഒരു വിഭാഗം വാളോങ്ങിയിരിക്കുന്ന പശ്ചാത്തലത്തിൽ ന്യൂനപക്ഷവോട്ട് ബാങ്ക് ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികൾ കൂടെ പാളിയാൽ ഇരുവരുടെയും രാഷ്ട്രീയ ഭാവിയെയും അത് സാരമായി ബാധിച്ചേക്കാം.

logo
The Fourth
www.thefourthnews.in