വിദ്യാഭ്യാസ മേഖല മികവുറ്റതാക്കും; ഉന്നത, സാങ്കേതിക വിദ്യാഭ്യാസത്തിന് 816.79 കോടി
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ മികച്ചതാക്കാൻ സർവകലാശാലകളെയും ഉന്നത സ്ഥാപനങ്ങളെയും പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. ഉന്നത, സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 816.79 കോടി രൂപ ബജറ്റിൽ മാറ്റിവച്ചു. ഇടുക്കി വയനാട് മെഡിക്കൽ കോളേജുകളോടും താലൂക്ക് ആശുപത്രികളോടും ജനറൽ ആശുപത്രികളോടും അനുബന്ധമായി നഴ്സിങ് കോളേജുകൾ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 25 നഴ്സിങ് കോളേജുകള്‍ ആരംഭിക്കും. സഹകരണ സംഘങ്ങളെയും സി-മാറ്റ് സ്ഥാപനങ്ങളെയും കൂട്ടിയിണക്കിയാകും പദ്ധതി. ഇതിനായി 20 കോടി രൂപയും ബജറ്റിൽ വകയിരുത്തുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു.
കേരളത്തിൽ വിവിധ വൈജ്ഞാനിക മേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 14 കോടി രൂപ അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന് 19 കോടി, കണ്ണൂർ സർവകലാശാലയിൽ സെന്റർ ഫോർ അറ്റ്മോസ്ഫറിക്ക് സയൻസ്, കോസ്റ്റൽ ഇക്കോ സിസ്റ്റം, കോണ്ടം കമ്പ്യൂട്ടിങ് കേന്ദ്രം, പെട്രോ മിക്സ് ആൻഡ് ജീനോമിക് റിസർച്ച് കേന്ദ്രം എന്നിവ സ്ഥാപിക്കാനും സഹായം നൽകും. തലശേരി ബ്രണ്ണൻ കോളേജിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ അക്കാദമിക് കോംപ്ലക്സ് നിർമാണത്തിനായി 30 കോടി രൂപ പ്രതീക്ഷിക്കുന്നുവെന്നും ഈ വർഷം അതിനായി 10 കോടി അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി .ട്രാന്‍സ്‌ലേഷന്‍ വിദ്യാഭ്യാസ മേഖലയിൽ ഗവേഷണ ഫണ്ടിന്റെ പ്രാരംഭ പിന്തുണയ്ക്കായി 10 കോടി രൂപയാണ് അനുവദിച്ചത്.
ഫിൻലൻഡ്, നോർവേ, യുകെ, വെയിൽസ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സാങ്കേതിക കേന്ദ്രങ്ങളുമായി ചേർന്ന് അക്കാദമിക എക്സ്ചേഞ്ചുകൾ, സഹകരണ ഗവേഷണം, പഠനം എന്നിവ ആരംഭിക്കാന്‍ കോർപ്പസ് ഫണ്ട് ഇനത്തിൽ 10 കോടി രൂപ മാറ്റിവച്ചു. പ്ലാനിങ് ആൻഡ് ഇംപ്ലിമെന്റേഷൻ മോണിറ്ററിങ് വകുപ്പിന് കീഴിലാണ് ഫണ്ട് രൂപീകരിക്കുക. സർക്കാർ ഹയർ സെക്കന്‍ഡറി സ്കൂളുകളുടെ അടിസ്ഥാന വികസനത്തിനായി 65 കോടി രൂപ മാറ്റിവച്ചു. സമഗ്ര ശിക്ഷാ അഭിയാന്റെ നടത്തിപ്പിലേക്ക് 60 കോടിയും ഉച്ച ഭക്ഷണ പരിപാടിക്ക് 344. 64 കോടി രൂപയും വകയിരുത്തി.