നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ഫെബ്രുവരി മൂന്നിന് ബജറ്റ്

നിയമസഭാ സമ്മേളനം ഇന്ന് മുതൽ; ഫെബ്രുവരി മൂന്നിന് ബജറ്റ്

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും ബജറ്റ് സമ്മേളനത്തിന്റെ നടപടിക്രമങ്ങൾ ആരംഭിക്കുക
Updated on
1 min read

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും ബജറ്റ് സമ്മേളനത്തിൻ്റെ നടപടിക്രമങ്ങൾ ആരംഭിക്കുക.

പോലീസ്-ഗുണ്ടാ ബന്ധം പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. എന്നാൽ പോലീസിലെ ക്രിമിനലുകൾക്ക് എതിരായ നടപടി ചൂണ്ടിക്കാട്ടിയായിരിക്കും ഭരണപക്ഷം ഇതിനെ പ്രതിരോധിക്കുക. അനുനയ നീക്കത്തിനിടയിലും ഗവർണർ സർക്കാർ പോര് സഭയിൽ ഉയരും. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകിയതോടെ ഗവർണറും സർക്കാരുമായുള്ള തർക്കത്തിന് താൽക്കാലിക അയവ് വന്നിരുന്നു.

ചാൻസലർ ബില്ലിലും സർവകലാശാല നിയമഭേദഗതി ബില്ലിലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല

എന്നാൽ അനുനയത്തിനിടയിലും ഗവർണറെ മറികടന്ന് മലയാളം സർവകലാശാല വി സി നിയമനത്തിനുള്ള ശ്രമം സർക്കാർ നടത്തിയിരുന്നു. ചാൻസലർ ബില്ലിലും സർവകലാശാല നിയമഭേദഗതി ബില്ലിലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടുമില്ല. ബില്ലുകൾ ഒപ്പിടാത്ത ഗവർണറുടെ നടപടി പ്രതിപക്ഷം സഭയിൽ ചോദ്യം ചെയ്തേക്കും. സർക്കാരും ഗവർണറും തമ്മിൽ അഡ്ജസ്റ്റ് മെന്റ് നടത്തുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായ രീതിയിൽ വിമർശിക്കുന്ന ഭാഗങ്ങളുണ്ടെന്നാണ് സൂചന

സാമ്പത്തിക പ്രതിസന്ധിക്കിടയിലും കെ വി തോമസിനുള്ള കാബിനറ്റ് പദവിയടക്കമുള്ള അനാവശ്യ ചെലവുകൾ നടത്തുന്ന സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കും. സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രതിപക്ഷം സഭയിൽ കൊണ്ടുവരുമെങ്കിലും ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികൾ ഉയർത്തിക്കാട്ടിയായിരിക്കും ഭരണപക്ഷം ഇതിനെ പ്രതിരോധിക്കുക. അതേസമയം ഇ പി ജയരാജനെതിരെ ഉയർന്ന ആരോപണങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കുമ്പോൾ എങ്ങനെ പ്രതിരോധിക്കും എന്ന ആശങ്കയിലാണ് ഇടതുമുന്നണി.

കെപിസിസി ട്രഷററുടെ മരണവും ബന്ധുക്കളുടെ പരാതിയും ട്രഷറി ബഞ്ച് ആയുധമാക്കും എന്ന കാര്യത്തിൽ സംശയമില്ല. കേന്ദ്രസർക്കാരിനെതിരെയുള്ള രാഷ്ട്രീയ നിലപാട് വിശദീകരിക്കാൻ ആയിരിക്കും ഇടതുമുന്നണിയും സിപിഎമ്മും ഈ സമ്മേളന കാലയളവിൽ ശ്രമിക്കുക. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായ രീതിയിൽ വിമർശിക്കുന്ന ഭാഗങ്ങളുണ്ടെന്നാണ് സൂചന. എങ്കിലും ഗവർണറെ അലോസരപ്പെടുത്താത്ത തരത്തിലാണ് സർക്കാർ വിഷയങ്ങളെ അവതരിപ്പിക്കാൻ ശ്രമിച്ചത്.

ബജറ്റ് സമ്മേളനത്തിനായി ജനുവരി 23 മുതല്‍ മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ 33 ദിവസമാണ് സഭ ചേരുക

ബജറ്റ് സമ്മേളനത്തിനായി ജനുവരി 23 മുതല്‍ മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ 33 ദിവസമാണ് സഭ ചേരുക. ജനുവരി 25, ഫെബ്രുവരി 1, 2 തീയതികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുകയും പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും നടക്കും. ഫെബ്രുവരി 3-നാണ് ബജറ്റ് അവതരണം നിശ്ചയിച്ചിട്ടിട്ടുള്ളത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം സഭ പിരിയാനാണ് സാധ്യത. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന കാര്യോപദേശക സമിതി അന്തിമ തീരുമാനമെടുക്കും.

നയപ്രഖ്യാപന പ്രസംഗമില്ലാതെ ബജറ്റ് സമ്മേളനം നടത്താനായിരുന്നു സർക്കാർ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നത്. പിന്നീട് ഗവർണർ-സർക്കാർ പോരിന് അയവുവന്നതോടെ തീരുമാനം മാറ്റിയതാണ് നയപ്രഖ്യാപന പ്രസംഗത്തിന് വഴിയൊരുക്കിയത്.

logo
The Fourth
www.thefourthnews.in