ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടി

'അളക്കാന്‍ കഴിയാത്തനിലയില്‍ ഉയര്‍ന്ന വ്യക്തിത്വം'; ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രിസഭ

ഉമ്മന്‍ ചാണ്ടി കേരളത്തിനു നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു
Updated on
1 min read

വഹിച്ച സ്ഥാനങ്ങള്‍കൊണ്ട് അളക്കാന്‍ കഴിയാത്തനിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങൾക്കിടയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനമെന്ന് മന്ത്രിസഭാ യോഗം. അദ്ദേഹം കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ സ്മരിക്കുന്നതായും അനുശോചന പ്രമേയത്തിൽ പറഞ്ഞു.

അനുശോചനപ്രമേയത്തിന്റെ പൂർണരൂപം:

മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ.യുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുന്നു.

ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം.

കെഎസ് യുവിലൂടെ കോണ്‍ഗ്രസിലെത്തി ആ പാര്‍ട്ടിയുടെ നേതൃത്വത്തിലും സർക്കാരിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യപ്രക്രിയയെ മുമ്പോട്ടുകൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.

ഉമ്മന്‍ ചാണ്ടി
അന്ത്യവിശ്രമം വൈദികരുടെ കല്ലറയ്ക്ക് സമീപം; ഉമ്മൻചാണ്ടിക്ക് വേണ്ടി ചരിത്രം വഴി മാറും

ധന, ആഭ്യന്തര മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മൻ ചാണ്ടി നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്

ജനക്ഷേമത്തിലും സംസ്ഥാനവികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപൻ എന്ന നിലയ്ക്കും ജനകീയപ്രശ്നങ്ങൾ സമർത്ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃതലത്തിലെ പ്രമുഖൻ എന്ന നിലയ്ക്കുമൊക്കെ ശ്രദ്ധേയനായി. 1970-ൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ ശ്രീ. ഉമ്മൻചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

53 വർഷം തുടർച്ചയായി എം എൽ എയായിരിക്കുക, അതും ഒരേ മണ്ഡലത്തിൽ നിന്നുതന്നെ തിരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോൽവി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മൻചാണ്ടിയുടെ റെക്കോഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടർച്ചയായി വിജയിച്ചത്.

ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. യു ഡി എഫ് കൺവീനർ എന്ന നിലയിൽ നടത്തിയ രാഷ്ട്രീയപ്രവർത്തനവും സ്മരണീയമാണ്."

logo
The Fourth
www.thefourthnews.in