'സമൂഹമാധ്യമത്തിലൂടെ അപമാനിച്ചു'; സസ്പെൻഷനിലായ കേന്ദ്ര സർവകലാശാല അധ്യാപകനെതിരെ വിദ്യാർഥിയുടെ പരാതി
വിദ്യാര്‍ഥിനികളോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ സസ്പെന്‍ഷനിലായ കേരള കേന്ദ്ര സര്‍വകലാശാല അധ്യാപകന്‍ ഇഫ്തിഖര്‍ അഹമ്മദിനെതിരേ വീണ്ടും പരാതി. സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി.
അധ്യാപകനെതിരെ വാര്‍ത്ത ചാനലായ 24 നോട് പ്രതികരിച്ചതിനാണ് സര്‍വകലാശാല വിദ്യാര്‍ഥിയെ പൊതുസമൂഹത്തില്‍ അവഹേളിച്ചു കൊണ്ട് എം എ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഇഫ്തിഖര്‍ രംഗത്തെത്തിയത്. അധ്യാപകന്റെ നടപടിക്ക് എതിരെ പോലീസില് പരാതി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ഥിനി.
വളരെ അപഹാസ്യമായ രീതിയില്‍ സമൂഹമാധ്യത്തിലൂടെ തന്നെ അപമാനിച്ചെന്നാണ് ഇഫ്തിഖറിനെതിരെ ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഒന്നാം വര്‍ഷം എംഎ ഭാഷാശാസ്ത്രം വിദ്യാര്‍ഥിനി പറയുന്നത്. ഇഫ്തിഖര്‍ അഹമ്മദ് ഫേസ്ബുക്കിലൂടെ പറഞ്ഞ കാര്യങ്ങള്‍ സത്യമല്ലെന്നും മോശമായി പെരുമാറിയ കുട്ടികളുടെ അനുഭവങ്ങള്‍ തനിക്കറിയാമെന്നും വിദ്യാര്‍ഥിനി ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. അധ്യാപകന്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ല. എന്നാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും വിവരങ്ങളുമാണ് അധ്യാപകന്‍ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു.
' എന്നെ ഡിപ്പാര്‍ട്‌മെന്റില്‍ കണ്ടിട്ടില്ലെന്നാണ് ഫേസ് ബുക്ക് പോസ്റ്റില്‍ ഇഫ്തിഖര്‍ അഹമ്മദ് പറയുന്നത്. ഇദ്ദേഹം ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റും ഞാന്‍ ലിംഗ്വിസ്റ്റിക്‌സുമാണ്. മുകളിലെയും താഴെയുമുള്ള നിലകളിലാണ് ഈ ഡിപ്പാര്‍ട്‌മെന്റുകള്‍. ഞാന്‍ ദിവസവും ഈ ഡിപ്പാര്‍ട്‌മെന്റിലൂടെ കടന്നു പോകുന്നയാളാണ്. മാത്രമല്ല, ഇലക്ടീവ് കോഴ്‌സായിട്ടുള്ള ഇംഗ്ലീഷ് ലാഗ്വേജ് ടീച്ചിങ്ങില്‍ പുള്ളിയുടെ ക്ലാസില്‍ ഇരുന്നിട്ടുള്ള വിദ്യാര്‍ഥിയാണ് ഞാന്‍. അദ്ദേഹത്തിന്റെ ക്ലാസ് ഏത് രീതിയിലാണെന്ന് എനിക്ക് അറിയാം. ഇദ്ദേഹം ക്ലാസെടുത്തിട്ടുള്ള, മോശം പരാമര്‍ശങ്ങള്‍ നടത്തിയ കുട്ടികളുടെ അനുഭവങ്ങളും പ്രശ്‌നങ്ങളും ഞാന്‍ നേരിട്ട് കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്,' വിദ്യാര്‍ഥിനി പറഞ്ഞു.
ഇരവാദമിറക്കല്‍ അധ്യാപകന്റെ സ്ഥിരം രീതിയാണെന്നും വിദ്യാര്‍ഥി പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യാക്കുറിപ്പ് പങ്കുവെച്ചിരുന്നുവെന്നും എന്നാല്‍ അത് ഇപ്പോള്‍ പിന്‍വലിച്ചുവെന്നും വിദ്യാര്‍ഥിനി കൂട്ടിച്ചേര്‍ത്തു. ''ഇദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാണ് ഇതുപോലുള്ള ഇരവാദം ഇറക്കുക. ഇതിന് മുന്നേ ബ്രണ്ണന്‍ കോളേജില്‍ സമാനമായ വിഷയം ഉണ്ടായിട്ടുണ്ട്. അന്ന് ഇയാള്‍ പ്രശ്‌നത്തിന് കാല് പിടിച്ച് മാപ്പ് പറഞ്ഞതാണ്. അതുപോലെ വികെ കൃഷ്ണമേനോന്‍ കോളേജില്‍ നിന്ന് ഇയാളെ പുറത്താക്കിയിട്ടുമുണ്ട്. അതിന് ശേഷം ഇവിടെ വന്നിട്ടും ഈ രീതിയില്‍ തന്നെ പെരുമാറുന്നു. ഇത്തരത്തില്‍ മാനസിക വൈകല്യമുള്ള ഒരാളായിട്ടാണ് ഞാന്‍ ഇദ്ദേഹത്തെ കാണുന്നത്. ഇയാള്‍ ഇതേ പാറ്റേണാണ് എല്ലാ സ്ഥലത്തും എടുക്കുന്നത്.
ആളുകളുടെ സഹതാപം പിടിച്ചുപറ്റുക, പ്രതികരിക്കുന്നവരെ ഇതുപോലെ അപകീര്‍ത്തിപ്പെടുത്തുക എന്നീ കാര്യങ്ങള്‍ തുടര്‍ന്നുകൊണ്ടു പോകുന്ന വ്യക്തിയാണിദ്ദേഹം. ആളുകളെ പൊതു മധ്യത്തില്‍ അപമാനിച്ച് മുന്നോട്ട് പോകാമെന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ് ഇയാള്‍ മുന്നോട്ട് പോകുന്നത്. ഒന്നുകില്‍ ഇയാളെ ചികിത്സിക്കുക, അല്ലെങ്കില്‍ ജയിലിലടക്കുക എന്നാണ് എനിക്ക് പറയാനുള്ളത്'', പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നു.
തന്റെ ക്ലാസ്സിലോ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിസരത്തോ തനിക്കെതിരെ മാധ്യമങ്ങളോട് പ്രതികരിച്ച പെണ്‍കുട്ടിയെ കണ്ടില്ലെന്നും കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥിനി തന്നെയാണോ എന്ന് സംശയമുണ്ടന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ഇഫ്തിഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയത്. വളരെ മോശം പദപ്രയോഗങ്ങളും പോസ്റ്റില്‍ അധ്യാപകന്‍ ഉപയോഗിക്കുന്നുണ്ട്.
നേരത്തെ തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിനുള്ള ഉത്തരവാദിത്തം സര്‍വകലാശാലയിലെ എസ്എഫ്‌ഐ, വൈസ് ചാന്‍സലറിന്റെ ചാര്‍ജുള്ള് പ്രൊഫസര്‍ കെസി ബൈജു, ഇംഗ്ലീഷ് വകുപ്പ് മേധാവി ആശ, മെഡിക്കല്‍ ഓഫീസര്‍ ആരതി, എംഎ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ ആറ് വിദ്യാര്‍ത്ഥിനികള്‍, മാധ്യമം/ ദേശാഭിമാനി കാസര്‍ക്കോട് ബ്യുറോ ചീഫുമാര്‍ എന്നിവര്‍ക്ക് മാത്രം ആയിരിക്കും എന്ന രീതിയിലുള്ള കുറിപ്പും ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് 2023 നവംബര്‍ 28നാണ് എംഎ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഇഫ്തിഖര്‍ അഹമ്മദിനെ കേരള കേന്ദ്ര സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തത്. ഇന്റേണണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ആഭ്യന്തര പരാതി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 23ന് ഇദ്ദേഹത്തെ തിരിച്ചെടുക്കുകയും ചെയ്തു. അധ്യാപകനെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും പരാതി ഉന്നയിച്ച ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കാദമിക് ചുമതലകളില്‍ ഇടപെടരുതെന്നുമുള്ള ഉപാധികള്‍ അനുസരിച്ചാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.
പിന്നാലെ സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരി 28ന് വീണ്ടും ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. എസ്എഫ്‌ഐ, എംഎസ്എഫ്, എൻ എസ് യു ഐ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളായിരുന്നു അധ്യാപകന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ രംഗത്ത് വന്നത്.
എന്നാല്‍ കേസില്‍ ഡിസംബറില്‍ ഇഫ്തിഖര്‍ കോടതിയുടെ മുന്‍കൂര്‍ ജാമ്യം വാങ്ങി. ഇതില്‍ രണ്ട് മാസത്തേക്കോ അല്ലെങ്കില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെയോ ഇഫ്തിഖര്‍ പോലീസ് ഹോസ്ദുര്‍ഖ് താലൂക്കില്‍ പ്രവേശിക്കരുതെന്നും പരാതിക്കാരിയെ കാണുവാനോ, സ്വാധീനിക്കാനോ ശ്രമിക്കരുതെന്നമുള്ള വ്യവസ്ഥകളുണ്ടായിരുന്നു. പക്ഷേ ഈ ജാമ്യ വ്യവസ്ഥ ബേക്കല്‍ പോലീസ് നല്‍കുമ്പോഴാണ് അറിഞ്ഞതെന്നും അധ്യാപകന്‍ സര്‍വകലാശാലയെ അറിയിച്ചില്ലെന്നുമാണ് പുതിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ സര്‍വകലാശാല വ്യക്തമാക്കുന്നത്.
2023 നവംബര്‍ 13-നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഇന്റേണല്‍ മിഡ് ടേം പരീക്ഷയ്ക്കിടെ ബോധംകെട്ട് വീണ വിദ്യാര്‍ഥിനിയോട് പ്രഥമ ശുശ്രൂഷാ എന്ന രീതിയില്‍ മോശമായി പെരുമാരി എന്നായിരുന്നു പരാതി. വിദ്യാര്‍ഥിനി പരാതിയുമായി വൈസ് ചാന്‍സലറെ സമീപിക്കുകയായിരുന്നു. വിഷയത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും നടപടിയെടുക്കണമെന്ന ആവശ്യം കടുപ്പിച്ചതോടെ പരാതിയില്‍ വൈസ് ചാന്‍സിലര്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുകയും പരാതി ആഭ്യന്തര പരാതി സമിതിക്ക് കൈമാറുകയുമായിരുന്നു.