'നയപ്രസംഗത്തിന് സമയമില്ല, ഒന്നര മണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ സമയമുണ്ട്'; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ''അദ്ദേഹത്തിന് നയപ്രഖ്യാപനം വായിക്കാന്‍ സമയമില്ല. ഒന്നര മണിക്കൂര്‍ റോഡില്‍ കുത്തിയിരിക്കാന്‍ നല്ല സമയമുണ്ട്, വളരെ ഭേഷ്!,'' മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എഫ്‌ഐആര്‍ ഇടാന്‍ ഒരു കുത്തിയിരിപ്പ് വേണോ? സാധാരണ ഒരു പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന കാര്യമല്ലേ അതെന്നും അദ്ദേഹം ചോദിച്ചു. നയപ്രഖ്യാപന പ്രസംഗത്തില്‍ എന്താണ് അദ്ദേഹം കാണിച്ചത്? ഇതൊക്കെ കേരളത്തോടുള്ള ഒരുതരം വെല്ലുവിളിയാണ്. ഏതെങ്കിലും സര്‍ക്കാരിനോടും പക്ഷത്തോടുമുള്ള വെല്ലുവിളിയല്ല. കേരളത്തോടും രാജ്യത്തിന്റെ ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ സിആര്‍പിഎഫ് നേരിട്ട് ഭരിക്കുമോയെന്നും സിആര്‍പിഎഫിനെ കേരളം കാണാത്തതാണോയെന്നും അദ്ദേഹം ചോദിച്ചു. സിആര്‍പിഎഫിന് നേരിട്ട് കേസെടുക്കാന്‍ പറ്റുമോ? നേരിട്ടിറങ്ങി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പറ്റുമോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് ഇസെഡ് പ്ലസ് സുരക്ഷ അനുവദിച്ചു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''ഗവര്‍ണര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. പ്രത്യേക രീതിയിലാണ് കാര്യങ്ങള്‍ നടത്തിപ്പോകുന്നത്. അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് എതിരെ വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ നടന്നേക്കാം. അപ്പോള്‍ അതിനോട് എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് പ്രധാനമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ട്. പ്രതിഷേധങ്ങള്‍ വരുന്ന ഏതെങ്കിലും സ്ഥലത്ത് എന്താണ് പ്രതിഷേധക്കാരെ പോലീസ് ചെയ്യുന്നത് എന്ന് നോക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടോ? ഈ സംസ്ഥാനത്തോ രാജ്യത്തോ ഏതെങ്കിലും ഒരാള്‍ അങ്ങനെ ശ്രമിച്ചിട്ടുണ്ടോ? ഒരാള്‍ യാത്ര ചെയ്യുമ്പോള്‍ കരിങ്കൊടി കാണിക്കുന്നവര്‍ക്ക് നേരെ പോലീസ് എന്തു ചെയ്യുന്നു എന്ന് നോക്കാന്‍ ഇറങ്ങിനില്‍ക്കുന്ന അധികാരിയെ നമ്മള്‍ കണ്ടിട്ടുണ്ടോ?. സാധാരണ സുരക്ഷയ്ക്ക് എതിരായ കാര്യമല്ലേ അത്? അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് അദ്ദേഹത്തിന് അറിയാമല്ലോ?,'' മുഖ്യമന്ത്രി ചോദിച്ചു.
''അദ്ദേഹം എന്നെക്കുറിച്ച് പലതും വിളിച്ചു പറഞ്ഞിട്ടുണ്ടാകും. മുന്‍പും പറയുന്നുണ്ട്. കോഴിക്കോട് പോലീസ് തന്റെകൂടെ വരണ്ട എന്നാണ് പറഞ്ഞത്. എന്നിട്ട് മിഠായി തെരുവില്‍ പോയി ഇറങ്ങിനടന്നു. ആ നിലപാടിന്റെ അര്‍ത്ഥം എന്താണ്? സുരക്ഷ വര്‍ധിപ്പിച്ചത് അദ്ദേഹം ആവശ്യപ്പെട്ടിട്ടാണോ കേന്ദ്രം പ്രത്യേക നിലപാട് സ്വീകരിച്ചിട്ടാണോ എന്നറിയില്ല. സുരക്ഷ സിആര്‍പിഎഫിന് കൈമാറി എന്നാണ് അറിയുന്നത്. അത് വിചിത്രമായ കാര്യമാണ്. സ്റ്റേറ്റിന്റെ തലവനാണ് അദ്ദേഹം. ആ നിലയ്ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് അദ്ദേഹം ഇരിക്കുന്നത്. ആ സുരക്ഷ വേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഏത് സുരക്ഷയിലേക്കാണ് അദ്ദേഹം പോകുന്നത്? കേരളത്തില്‍ ഇപ്പോള്‍ തന്നെ ചിലര്‍ക്ക് കേന്ദ്ര സുരക്ഷയുണ്ട്. ഇവരെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ആ പട്ടികയില്‍ ആരിഫ് മുഹമ്മദ് ഖാനും പെട്ടിരിക്കുന്നു. ഗവര്‍ണര്‍ക്ക് ഇസെഡ് പ്ലസ് സുരക്ഷ നേരത്തേയുണ്ട്. അത് പുതിയ കാര്യമല്ല. ഗവര്‍ണര്‍ പദവിയില്‍ ലഭിച്ചുകൊണ്ടിരുന്ന സുരക്ഷയില്‍ നിന്ന് മാറി ആര്‍എസ്എസുകാര്‍ക്ക് കേന്ദ്രം ഒരുക്കിയിട്ടുള്ള കൂട്ടില്‍ ഒതുങ്ങാനാണ് അദ്ദേഹം തയ്യാറായിട്ടുള്ളത്'', മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
''നാട്ടില്‍ എഴുതപ്പെട്ട നിയമങ്ങളുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി ഗവര്‍ണര്‍ക്ക് നിലപാട് സ്വീകരിക്കാന്‍ പറ്റുമോ?. ഏത് അധികാര സ്ഥാനവും വലുതല്ല, അതിനും മേലേയാണ് നിയമം. നിയമമാണ് സുപ്രീം. അത് മനസ്സിലാക്കാന്‍ സാധിക്കണം. അതില്ലാത്ത നിര്‍ഭാഗ്യകരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത്തരം കാര്യങ്ങളില്‍ സ്വയം വിവേകം കാണിക്കണം. അത് സ്‌കൂളില്‍ നിന്ന് പഠിക്കേണ്ടതല്ല, സ്വയം ആര്‍ജിക്കണം. ഇതേവരെ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ദീദര്‍ഘമായ ജീവിത കാലയളവിനെ പറ്റി എനിക്ക് തോന്നുന്നത്. ഉന്നത സ്ഥാനത്തിരിക്കുന്ന ആരായാലും ജനാധിപത്യ മര്യാദ, പക്വത, വിവേകം എന്നിവ കാണിക്കണം. ഇതിലൊക്കെ കുറവുണ്ടായിട്ടുണ്ടോയെന്ന് അദ്ദേഹം പരിശോധിക്കണം. ആരോഗ്യം നല്ല ഫിറ്റാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞുകണ്ടു. അതില്‍ സംശയമില്ല. പലതരത്തിലുള്ള ആരോഗ്യപ്രശ്‌നമുണ്ടല്ലോ, എന്തങ്കിലും ആരോഗ്യ പ്രശ്‌നമുണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണ്'',മുഖ്യമന്ത്രി പറഞ്ഞു.