പലസ്തീനിൽ ഗുരു സന്ദേശം എത്തിയിരുന്നെങ്കില്‍ ചോരപ്പുഴ ഒഴുകുമായിരുന്നില്ല: മുഖ്യമന്ത്രി
ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിന്റെ വെളിച്ചം പലസ്തീനില്‍ എത്തിയിരുന്നെങ്കില്‍ അവിടെ ചോരപ്പുഴ ഒഴുകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 91-മത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന ആക്രമണം ഒരു പ്രത്യേക വിഭാഗത്തിന് നേരെയല്ല, മനുഷ്യര്‍ക്ക് നേരെയാണ്. അതി നിഷ്ഠൂരമായി ഒരു ജനതയെ തുടച്ചു നീക്കാനാണ് ഇസ്രയേല്‍ ശ്രമം. ദശലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യുന്നു. മിസൈല്‍ പതിച്ച് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ആയിരങ്ങള്‍ മരിക്കുന്നു. രാഷ്ട്രീയമല്ല വംശീയ ഉന്മൂലനമാണ് ലോകത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന ആക്രമണം ഒരു പ്രത്യേക വിഭാഗത്തിന് നേരെയല്ല, മനുഷ്യര്‍ക്കെതിരെ
വംശീയ വിദ്വേഷത്തില്‍ നിന്ന് സാഹോദര്യത്തിലേക്ക് മനുഷ്യനെ ഉയര്‍ത്തുകയാണ് ശ്രീ നാരായണ ഗുരു ചെയ്തത്. പലസ്തീന്‍ എന്ന് കേള്‍ക്കുമ്പോള്‍ മുസ്ലിംകളെ മാത്രമാണ് ചിലര്‍ക്ക് ഓര്‍മവരുന്നത്. എന്നാല്‍ അവിടെ ക്രൈസ്തവരുമുണ്ട്, അവരും കൊല്ലപ്പെടുന്നുണ്ട്. പലസ്തീന്‍ ക്രിസ്തുവിന്റെ മണ്ണ് കൂടിയാണ്. ഇത്തവണ പലസ്തീനില്‍ ക്രിസ്മസ് ഉണ്ടായില്ല. നക്ഷത്രങ്ങളോ പുല്‍കൂടുകളെ ഉണ്ടായില്ല. തകര്‍ന്നടിഞ്ഞ വീടുകളും പിഞ്ചുകുഞ്ഞുങ്ങളുടെ ചോരപുരണ്ട മൃതദേഹങ്ങളുമാണെങ്ങും.
എന്ത് കൊണ്ടാണ് ഈ വേദിയില്‍ താനിത് പറയുന്നത് എന്ന് ആലോചിക്കുന്നവരുണ്ടാകാം, ഗുരു സന്ദേശത്തിന്റെ തെളിച്ചം എത്തിയിരുന്നെങ്കില്‍ അവിടെ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. ഗുരുസന്ദേശം ലോകമാകെ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.