കരുവന്നൂര്‍ സഹകരണ ബാങ്ക്
കരുവന്നൂര്‍ സഹകരണ ബാങ്ക്

തുടരുന്ന തട്ടിപ്പുകൾ, നിസ്സംഗമായി സർക്കാർ സംവിധാനങ്ങൾ, സഹകരണ മേഖലയുടെ വിശ്വാസ്യത കെടുത്തുന്നതാര്?

സംസ്ഥാനത്തെ 164 സഹകരണ സംഘങ്ങൾ നിക്ഷേപകർക്ക് തുക തിരിച്ചുനൽകാനാവാത്ത വിധം പ്രതിസന്ധിയില്‍
Updated on
3 min read

കേരളത്തിന്റെ ​ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്; ജനകീയ പദ്ധതികളിലൂടെ നേടിയെടുത്ത വിശ്വാസ്യത; കേരളത്തിന്റെ ജനകീയ മുഖമായിരുന്ന സഹകരണ ബാങ്കിം​ഗ് മേഖലയുടെ പ്രതിച്ഛായയിൽ മങ്ങലേല്‍പ്പിക്കുന്നതാണ് തുടരുന്ന സഹകരണ ബാങ്ക് ക്രമക്കേടുകൾ. നിക്ഷേപിച്ച പണം ലഭിക്കാത്തതിനാൽ വിദ​ഗ്ധ ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയിലെത്തി നിൽക്കുന്നു അത്. സംസ്ഥാനത്തെ 164 സഹകരണ സംഘങ്ങൾ നിക്ഷേപകർക്ക് തുക തിരിച്ചുനൽകാനാവാത്ത അവസ്ഥയിലാണെന്നതാണ് ഞെട്ടിക്കുന്ന വിവരം. കേരളത്തിൻ്റെ വിഖ്യാതമായ സഹകരണമേഖല വിശ്വാസ്യത രാഹിത്യത്തെ തുടർന്ന് പ്രതിസന്ധി നേരിടുകയാണോ? വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാരിന് മുന്നിൽ എന്താണ് പദ്ധതി? ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ സഹകരണബാങ്കുകളിൽ നിക്ഷേപിച്ച സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണോ?

സഹകരണ ബാങ്കുകളിലെ മുഴുവൻ നിക്ഷേപങ്ങൾക്കും ​ഗ്യാരന്റി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ് 10 ദിവസത്തിനകമാണ് കരുവന്നൂരിലെ സഹകരണ ബാങ്കിൻ്റെ ക്രമക്കേടിന് ഇരായായി ഒരു നിക്ഷേപക മരിച്ചതെന്ന ആരോപണം ഉണ്ടായത്. ഫിലോമിനയുടെ മരണം വിവാദമായതോടെ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജിന് രൂപം നൽകിയെന്ന മുൻ പ്രസ്താവനയുടെ ആവർത്തനമാണ് മന്ത്രി വി എൻ വാസവൻ നടത്തിയത്. ബാങ്കിനെ ന്യായീകരിച്ചുള്ള മന്ത്രി ബിന്ദുവിൻ്റെ പ്രസ്താവന കടുത്ത വിമർശനങ്ങളുണ്ടാക്കുകയും ഒടുവിൽ അത് അവർക്ക് പിൻവലിക്കേണ്ടിയും വന്നു.

ഫിലോമിനയുടെ മൃതദേഹവുമായി പ്രതിഷേധിക്കുന്ന ബന്ധുക്കള്‍
ഫിലോമിനയുടെ മൃതദേഹവുമായി പ്രതിഷേധിക്കുന്ന ബന്ധുക്കള്‍

കരുവന്നൂരിലെ തട്ടിപ്പ്

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയായ പണം ലഭിക്കാതെയാണ് മാപ്രാണം സ്വദേശി ഫിലോമിന മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ വൈകിയതോടെ സ്വകാര്യ ആശുപത്രിയിൽ വിദ​ഗ്ധ ചികിത്സയ്ക്കായാണ് പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചതെന്ന് ഫിലോമിനയുടെ ബന്ധുക്കൾ പറയുന്നു. ഏറെനാൾ കയറിയിറങ്ങിയതിന് ശേഷമാണ് കഴിഞ്ഞമാസം ബാങ്ക് ഒന്നരലക്ഷം രൂപ ഫിലോമിനയുടെ കുടുംബത്തിന് നല്‍കിയത് . ഫിലോമിനയുടെ മരണശേഷമാണ് രണ്ട് ലക്ഷം രൂപ ബാങ്ക് വീട്ടിലെത്തിച്ചത്.

കരുവന്നൂർ സഹകരണ ബാങ്കിൽ 300 കോടിയോളം രൂപയുടെ തട്ടിപ്പ് വിവരം പുറത്തുവന്നതു കഴിഞ്ഞ ജൂലൈയിലാണ്.സിപിഎം ഭരണസമിതിയായ ബാങ്കിൽ സിപിഎം പ്രാദേശിക നേതാക്കളുടെ സ്വാധീനത്തോടെ നടന്ന തട്ടിപ്പ്. ഒരു വർഷത്തിന് ശേഷവും പതിനായിരത്തിലധികം വരുന്ന നിക്ഷേപകർ പണത്തിനായി കാത്തിരിക്കുന്നു. നിക്ഷേപകർക്ക് പണം നഷ്ടപ്പെടില്ലെന്നും എത്രയുംവേഗം കൊടുത്തു തീർക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനായി കൺസോർഷ്യം രൂപികരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.

സംസ്ഥാനത്ത് കാലാവധി പൂർത്തിയായിട്ടും നിക്ഷേപം തിരികെ നൽകാനാവാത്ത 164 സഹകരണ സംഘങ്ങളുണ്ടെന്നാണ് നിയമ സഭയിൽ മന്ത്രി വിശദീകരിച്ചത്

തുടരുന്ന സഹകരണ ബാങ്ക് തട്ടിപ്പുകൾ

സംസ്ഥാനത്ത് കാലാവധി പൂർത്തിയായിട്ടും നിക്ഷേപം തിരികെ നൽകാനാവാത്ത 164 സഹകരണ സംഘങ്ങളുണ്ടെന്ന് നിയമസഭയിൽ മന്ത്രി വി എൻ വാസവൻ വിശദീകരിച്ചിരുന്നു. ഇതിൽ 37 എണ്ണവും തിരുവനന്തപുരത്താണ്. കോട്ടയം - 22, പത്തനംതിട്ട- 15, ആലപ്പുഴ - 15, കൊല്ലം - 12, മലപ്പുറം - 12, തൃശൂർ -11, കണ്ണൂർ- 11, എറണാകുളം - 8, കോഴിക്കോട് - 7, പാലക്കാട് -5, ഇടുക്കി - 4, കാസർകോട് - 3, വയനാട് - 2 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കിൽ 100 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.. കരുവന്നൂരിനെ വെല്ലുന്ന തട്ടിപ്പാണ് കണ്ടല സഹകരണ ബാങ്കിൽ നടന്നതെന്ന് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടും ഇടത് ഭരണസമിതിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.

സിപിഎം ഭരണത്തിലുള്ള പാലക്കാട് കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്കിൽ കണ്ടെത്തിയത് 5.76 കോടിയിലധികം രൂപയുടെ തട്ടിപ്പാണ്. സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്നു പണം തിരിച്ചടയ്ക്കണമെന്നാണ് സഹകരണ വകുപ്പ് നിര്‍ദേശിച്ചത്. കണ്ണമ്പ്ര റൈസ് പാര്‍ക്കിന് ഭൂമി വാങ്ങിയതില്‍ ബാങ്കിനു കൂടി പങ്കാളിത്തമുണ്ടായിരുന്ന പാപ്കോസ് വഴി നടത്തിയ കോടികളുടെ അഴിമതിയായിരുന്നു ആദ്യ വിവാദം. സ്ഥിര നിക്ഷേപം വകമാറ്റൽ, ഓണച്ചന്ത നടത്തിപ്പിലെ അഴിമതി, കർഷക സേവന കേന്ദ്രം നടത്തിപ്പ് അഴിമതി , നിർമാണപ്രവർത്തനത്തിലെ അഴിമതി തുടങ്ങി നിരവധി ക്രമക്കേടുകൾ പിന്നാലെ പുറത്തുവന്നു.

പത്തനംതിട്ട കുളനട സർവീസ് സഹകരണ ബാങ്കിനെ നഷ്ടത്തിലേക്ക് എത്തിച്ചത് ഭരണസമിതിയും ജീവനക്കാരും തന്നെയായിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ 14പേരിൽ നിന്നായി 2.38 കോടി രൂപ തിരികെ ഈടാക്കാനാണ് അന്വേഷണ കമ്മീഷൻ നിർദേശിച്ചത്. ബാങ്കിൽ നടന്ന ക്രമക്കേടിൽ ആയിരത്തോളം നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടു. കോടതി ഇടപെടലിനെ തുടർന്ന് 20 ശതമാനം തുക നേരത്തേ ചിലർക്ക് തിരികെ നൽകിയിരുന്നു. ബാങ്ക് ഇപ്പോൾ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്.

പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയത് സെക്രട്ടറിയായിരുന്ന ജോഷ്വാ മാത്യുവിന്റെ ക്രമക്കേടുകളാണ്. 123 കോടി നിക്ഷേപമുള്ള മൈലപ്ര ബാങ്കിന് 70 കോടിയിലേറെ രൂപയുടെ കടമുണ്ടെന്നാണ് വിവരം. പണം തിരികെ ലഭിക്കാൻ ബാങ്കിന് മുന്നിൽ സമരത്തിലാണ് നിക്ഷേപകർ. ആലപ്പുഴ കുമാരപുരം സഹകരണ ബാങ്ക്, കോട്ടയം തോടനാൽ സർവീസ് സഹകരണ ബാങ്ക് തുടങ്ങിവയെല്ലാം ക്രമക്കേടിലൂടെയും സാമ്പത്തിക പ്രതിസന്ധിയിലൂടെയും കടന്നുപോകുന്നവയാണ്. ഭരണ സമിതിയിലെ രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ പ്രതിസന്ധി.

സഹകരണ ബാങ്കുകളിലെ മുഴുവന്‍ നിക്ഷേപങ്ങള്‍ക്കും ഗ്യാരന്‍റി നല്‍കുമെന്ന് മുഖ്യമന്ത്രിയും നിക്ഷേപ ​ഗ്യാരന്റി സ്കീമിന് കീഴിൽ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വി എൻ വാസവനും സഭയില്‍ പറഞ്ഞു

സര്‍ക്കാര്‍ നിലപാട് എന്ത്?

സഹകരണ ബാങ്കുകളിലെ മുഴുവന്‍ നിക്ഷേപങ്ങള്‍ക്കും ഗ്യാരന്‍റി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉറപ്പു നൽകിയത് ഈ മാസം 18നാണ്. ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ നിക്ഷേപ ​ഗ്യാരന്റി സ്കീമിന് കീഴിൽ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വി എൻ വാസവനും അന്ന് സഭയിൽ ഉറപ്പ് നൽകി. ലിക്വിഡേറ്റ് ചെയ്യപ്പെട്ട സ​ഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ​ഗ്യാരന്റി അഞ്ച് ലക്ഷം രൂപയായി വർധിപ്പിക്കുമെന്ന സഹകരണ വകുപ്പിന്റെ പ്രഖ്യാപനവും നടപ്പായില്ല. ഇപ്പോഴും രണ്ട് ലക്ഷം രൂപവരെ മാത്രമാണ് ​ഗ്യാരന്റി.

കരുവന്നൂരിലെ ഫിലോമിനിയുടെ മരണം സർക്കാരിനെ പ്രതിസന്ധിയിലാക്കുമ്പോൾ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജിന് രൂപം നൽകിയെന്ന പതിവ് പല്ലവി സഹകരണ മന്ത്രി വി എൻ വാസവൻ ആവർത്തിക്കുന്നു. എന്നാൽ ഇത്തരമൊരു പാക്കേജ് നിലവിലില്ലെന്നതാണ് യാഥാര്‍ഥ്യം. കേരളാ ബാങ്കിന്റെ നേതൃത്വത്തിൽ പണം തിരികെ നൽകാൻ കൺസോർഷ്യം രൂപീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും നിയമ തടസമുള്ളതിനാൽ അതും നടപ്പായില്ല. റിസർവ് ബാങ്കിന്റെ തടസം മറികടക്കാൻ നിയമഭേദ​ഗതി കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും അതുമുണ്ടായില്ല.

കോട്ടയം തോടനാൽ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക നിക്ഷേപകർക്ക് നൽകാത്തതിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കാരണത്താൽ നിക്ഷേപകർക്ക് പണം തിരികെ നൽകാത്തത് വിശ്വാസ വഞ്ചനയും ചതിയുമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. പണം ആവശ്യപ്പെട്ടവർക്ക് രണ്ട് മാസത്തിനകം തിരികെ നൽകാനും ഈ കേസിൽ ബാങ്ക് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരുന്നു.

നിക്ഷേപം കൊള്ളയടിച്ചവരിൽ നിന്ന് അത് തിരികെ ഈടാക്കാനുള്ള ശ്രമങ്ങളാണ് ഇനി സർക്കാർ തലത്തിൽ ഉണ്ടാകേണ്ടത്

1600ലേറെ സഹകരണ സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. അതിൽ ഭൂരിഭാ​ഗവും ജനസേവനമെന്ന ലക്ഷ്യത്തിലൂടെ ബാങ്കിം​ഗ് നടത്തുന്നവയാണ്. എന്നാൽ സാധാരണക്കാരുടെ നിക്ഷേപങ്ങൾ കൈയിട്ട് വാരി ചുരുക്കം ചിലർ നടത്തുന്ന നീക്കം സഹകരണ ബാങ്കിം​ഗ് മേഖലയെ തന്നെ തകർക്കുന്നതിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്. നിക്ഷേപം കൊള്ളയടിച്ചവരിൽ നിന്ന് അത് തിരികെ ഈടാക്കാനുള്ള ശ്രമങ്ങളാണ് ഇനി സർക്കാർ തലത്തിൽ ഉണ്ടാകേണ്ടത്. തട്ടിപ്പിന്റെ ​ഗുണഭോക്താക്കളിൽ നിന്ന് സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള നീക്കങ്ങളുണ്ടാകണം. തട്ടിപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ പിടിവീഴാനുള്ള ശക്തമായ ഓഡിറ്റിം​ഗ് സംവിധാനവും ഉറപ്പാക്കണം. എന്നാൽ ഭരണകക്ഷി ബന്ധമുള്ളവർ നടത്തിയ തട്ടിപ്പിൽ ഇതുവരെ കാര്യമായി ഇടപെടാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നതാണ് ഇതുവരെയുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in