കോട്ടയത്ത് തോമസ് ചാഴികാടന്‍, ലോക്സഭയിലേക്ക് ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (എം)
ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (എം). കോട്ടയത്ത് സിറ്റിങ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ഇതോടെ, ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് കേരളത്തില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് (എം) മാറി. കഴിഞ്ഞദിവസം എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. സിപിഎം 15 സീറ്റിലും സിപിഐ 4 സീറ്റിലും കേരള കോണ്‍ഗ്രസ് (എം) ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. രണ്ട് സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം സിപിഎം നിഷേധിച്ചിരുന്നു.
സിപിഎം 15 സീറ്റിലും സിപിഐ 4 സീറ്റിലും കേരള കോണ്‍ഗ്രസ് (എം) ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്
ബാങ്കിങ് മേഖലയില്‍ നിന്ന് പൊതുപ്രവര്‍ത്തന രംഗത്തെത്തിയ നേതാവാണ് തോമസ് ചാഴികാടന്‍. 1991-ല്‍ ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന സഹോദരന്‍ ബാബു ചാഴികാടന്‍ പ്രചാരണത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് തോമസ് ചാഴികാടന്‍ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവന്നത്. കന്നിയങ്കത്തില്‍ ഏറ്റുമാനൂരില്‍ നിന്ന് നിയമസഭയിലെത്തിയ ചാഴികാടന്‍, പിന്നീട് 1996, 2001, 2006 തിരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വിജയക്കൊടി നാട്ടി.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ കൂടിയായ തോമസ് ചാഴികാടന്‍, പാര്‍ലമെന്റിലെസാമൂഹ്യ നീതി വകുപ്പിന്റെ സോഷ്യല്‍ ജസ്റ്റിസ് ആന്റ് എംപവര്‍മെന്റ് കമ്മിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, റെയില്‍വേ കണ്‍സല്‍റ്റേറ്റീവ് കമ്മിറ്റി അംഗം, ഊര്‍ജ വകുപ്പിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന സംസഥാന തല കമ്മിറ്റിയായ ദിശയിലെ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയംഗം, ജനറല്‍ സെക്രട്ടറി, പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. കോട്ടയം ജില്ലയിലെ വെളിയന്നൂരില്‍ ജനിച്ച തോമസ് ചാഴികാടന്‍, അരീക്കര സെന്‍ന്റ് റോക്കീസ് സ്‌കൂള്‍, വെളിയന്നൂര്‍ വന്ദേമാതരം സ്‌കൂള്‍, ഉഴവൂര്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് സ്‌കൂള്‍, എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, കുറവലങ്ങാട് ദേവമാതാ കോളേജുകളില്‍ നിന്ന് പ്രീഡിഗ്രിയും ബിരുദവും നേടി. തുടര്‍ന്ന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി. ന്യൂ ബാങ്ക് ഓഫ് ഇന്ത്യയില്‍ (നിലവിലെ പഞ്ചാബ് നാഷണല്‍ ബാങ്ക്) മാനേജരായിരിക്കെയാണ് പൊതുരംഗത്തിറങ്ങിയത്. അഡിഷണല്‍ ചീഫ് ടൗണ്‍ പ്ലാനറായി വിരമിച്ച ആന്‍ ജേക്കബ് ആണ് ഭാര്യ.