ഇനി നടപടി, എഡിജിപി എം ആര്‍ അജിത് കുമാറിന് എതിരായ അരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
എഡിജിപി എം ആര്‍ അജിത് കുമാറിന് എതിരെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ആഭ്യന്തര സെക്രട്ടറിക്കാണ് ഡിജിപി എസ് ദര്‍വേഷ് സാഹിബ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പൂരം കലക്കല്‍, ആര്‍എസ്എസ് കൂടിക്കാഴ്ച തുടങ്ങി അന്‍വര്‍ ഉന്നയിച്ച വിവിധ ആരോപണങ്ങളാണ് ഡിജിപി അന്വേഷിച്ചത്. അന്വേഷണത്തിന്റെ സമയപരിധി കഴിഞ്ഞ് രണ്ടാം ദിവസമാണ് റിപ്പോര്‍ട്ട് കൈമാറിയത്.
എഡിജിപി എം ആര്‍ അജിത് കുമാറിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നു ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട് എന്നാണ് സൂചന. റിപ്പോര്‍ട്ടിന്‍മേല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. അജിത് കുമാറിനെ മാറ്റുന്നതില്‍ റിപ്പോര്‍ട്ട് നിര്‍ണായകമാകും. റിപ്പോര്‍ട്ടറിലെ കണ്ടെത്തലുകള്‍ ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാസം മൂന്നാം തീയതി വരെ ഉയര്‍ന്ന ആരോപണങ്ങളാണ് ഡിജിപി അന്വേഷിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിരവധി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനു ശേഷവും എഡിജിപി അജിത് കുമാറിനെ കൈവിടാത്ത നിലാപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരുന്നത്. എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ അജിത് കുമാര്‍ തല്‍സ്ഥാനത്തു തുടരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടത് ശരിയോ തെറ്റോ എന്നതും അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമേ വ്യക്തമാക്കൂ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.