ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം: ഡോക്ടര്‍മാര്‍ സംസ്ഥാനവ്യാപക പ്രതിഷേധത്തിലേക്ക്

ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം: ഡോക്ടര്‍മാര്‍ സംസ്ഥാനവ്യാപക പ്രതിഷേധത്തിലേക്ക്

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും സമരത്തിലിറങ്ങുമെന്ന് ഐഎംഎ അറിയിച്ചു
Updated on
1 min read

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടറെ യുവാവ് കുത്തേറ്റ് വനിത ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക്. 24 മണിക്കൂര്‍ സമരത്തിനാണ് ഐഎംഎയുടെ ആഹ്വാനം. അത്യാഹിതവിഭാഗത്തെ ഒഴിവാക്കിയാണ് സമരം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും സമരത്തിനിറങ്ങുമെന്ന് ഐഎംഎ അറിയിച്ചു. ഒരു മണിക്ക് ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേരും.

കൊല്ലം നെടുമ്പന യുപി സ്‌കൂളിലെ അധ്യാപകനായ എസ് സന്ദീപാണ് ആക്രമണം നടത്തിയത്. അടിപിടി കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കാണ് ആശുപത്രിയിലെത്തിച്ചത്. സന്ദീപിന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ഡോക്ടര്‍ക്കുനേരെ ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരെയോടൊയാണ് സംഭവം നടന്നത്.

ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. വന്ദന ദാസിന്റെ കഴുത്തിലും നെഞ്ചിലും മുതുകിലുമായി അഞ്ച് തവണ കുത്തേറ്റു.

തടയാന്‍ ശ്രമിച്ച പോലീസുകാരുള്‍പ്പെടെയുള്ളര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു.

യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

ആക്രമണം നടത്തിയ സന്ദീപ് ലഹരി മുക്തചികിത്സയില്‍ കഴിയുന്നയാളാണെന്നാണ് വിവരം. നെടുമ്പന സ്‌കൂളിലെ അധ്യാപകനായ ഇയാൾ നിലവില്‍ സസ്‌പെന്‍ഷനിലാണ്. ലഹരിമുക്ത ചികിത്സാ കേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്.

ഇന്ന് പുലര്‍ച്ചെ നാട്ടുകാരും വീട്ടുകാരുമായി അടിപിടി ഉണ്ടായതിനെത്തുടര്‍ന്നാണ് പോലീസ് എത്തിയത്. നാട്ടുകാരുമായുളള സംഘര്‍ഷത്തില്‍ പരുക്കേറ്റ ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in